മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിഷയം അന്നുതന്നെ പരിഹരിച്ചതാണെന്നും തീർന്നുപോയ തെറ്റിദ്ധാരണ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം പൊതുസമൂഹത്തിന് അറിയാവുന്നതാണെന്നും പഴയ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങൾ മൂലമാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും മലയാളികളുടെ പൊതുസ്വത്താണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സന്ദർശിക്കുന്നതും സൗഹൃദം പങ്കിടുന്നതും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതില്ലെന്നും മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ സന്ദർശനം നടത്തിയതിനെ വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണെന്നും വ്യക്തമാക്കി.
ദേശീയതലത്തിൽ ജനാധിപത്യ സംരക്ഷണത്തിനും കാവിവത്കരണത്തിനെതിരായ പോരാട്ടങ്ങൾക്കും നേതൃത്വം നൽകി അംഗീകാരം നേടിയ യുവജന-വിദ്യാർഥി സംഘടനകളുടെ നേതാക്കളെ കാണാൻ മമ്മൂട്ടി ആഗ്രഹിച്ചത് സംഘടനകൾക്കുള്ള അംഗീകാരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇടതുപക്ഷത്തിന്റെ പേരിൽ നിന്നുകൊണ്ട് വ്യക്തിഹത്യകൾക്ക് നേതൃത്വം നൽകുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കുന്ന ഇത്തരം പ്രചാരണങ്ങൾ തിരിച്ചറിയണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും തെറ്റായ പ്രചാരണങ്ങളിൽ പങ്കുചേർന്നവർ അതിൽനിന്ന് പിന്തിരിയണമെന്നും മമ്മൂട്ടിക്കെതിരായ അനാവശ്യ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ALSO READ: കൊച്ചിയിൽ തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



