വാഷിംഗ്ടൺ / കൊളംബസ്: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ (US Midterm Elections) റിപ്പബ്ലിക്കൻ പാർട്ടിക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ് ഫലം. ഡൊണാൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും വിശ്വസ്തനും പ്രമുഖ ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയെ തകർത്ത് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഡോ. ആമി ആക്ടൺ ഒഹായോയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.
|
ഇതോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി (20 വർഷം) റിപ്പബ്ലിക്കൻ പാർട്ടിയുടെ കുത്തകയായിരുന്ന ഒഹായോ ഗവർണർ പദവി ഡെമോക്രാറ്റുകൾ തിരികെ പിടിക്കുക മാത്രമല്ല, ഒഹായോയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവർണറെന്ന ബഹുമതിയും ഡോ. ആമി ആക്ടൺ സ്വന്തമാക്കി.
ആക്ഷേപ പരസ്യവും തിരിഞ്ഞുകുത്തിയ തിരിമറിയും
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ആമി ആക്ടണെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി വിവേക് രാമസ്വാമിയുടെ ക്യാമ്പ് പുറത്തിറക്കിയ പരസ്യമാണ് വോട്ടർമാരെ രാമസ്വാമിക്കെതിരെ തിരിക്കാൻ ഇടയാക്കിയത്. ആക്ടണുമായി അകന്നുകഴിയുന്ന അമ്മയെ ഉൾപ്പെടുത്തി നിർമ്മിച്ചതായിരുന്നു പരസ്യം.
കുട്ടിക്കാലത്ത് ആക്ടണിന്റെ പീഡനക്കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആക്ടണിന്റെ അമ്മയ്ക്ക് മക്കളുടെ സംരക്ഷണാവകാശം നഷ്ടമായത്. ഇത് മറച്ചുവെച്ച് അമ്മയെക്കൊണ്ട് ആക്ടണിനെതിരെ സംസാരിപ്പിച്ച പരസ്യം ഡെമോക്രാറ്റുകൾക്ക് പുറമെ ഒഹായോയിലെ മുതിർന്ന റിപ്പബ്ലിക്കൻ ഗവർണർ മൈക്ക് ഡീവൈനിൽ നിന്നുപോലും കടുത്ത വിമർശനം ഏറ്റുവാങ്ങി. എന്നാൽ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പരസ്യത്തെ പിന്തുണച്ചിരുന്നു.
പണക്കൊഴുപ്പിനെ തോൽപ്പിച്ച പോരാട്ടം
കോടീശ്വരനായ ഇലോൺ മസ്ക് മാത്രം വിവേക് രാമസ്വാമിക്ക് പിന്തുണയുള്ള പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിലേക്ക് (PAC) 5 ദശലക്ഷം ഡോളറിലധികം (ഏകദേശം 40 കോടിയിലധികം രൂപ) വാരിയെറിഞ്ഞിരുന്നു. എന്നാൽ കോടികളുടെ പ്രചാരണ ശക്തിയെ മറികടക്കാൻ ആമി ആക്ടണിന്റെ ലളിതമായ ജനകീയ പ്രചാരണത്തിന് സാധിച്ചു.
-
ഡോ. ആമി ആക്ടണിന്റെ പശ്ചാത്തലം: കോവിഡ് കാലത്ത് ഒഹായോയുടെ ആരോഗ്യ ഡയറക്ടറായി ജനപ്രീതി നേടിയ ഡോക്ടറാണ് ആമി ആക്ടൺ. കുട്ടിക്കാലത്ത് വീടില്ലാതെ ടെന്റുകളിൽ വരെ കഴിയേണ്ടി വന്ന ഭവനരഹിതയായ ജീവിത പശ്ചാത്തലത്തിൽ നിന്ന് പോരാടി ഉയർന്ന വന്ന കഥ വിവരിച്ചാണ് അവർ ജനങ്ങളിലേക്ക് ഇറങ്ങിയത്.
-
പ്രധാന അജണ്ടകൾ: താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ, കുറഞ്ഞ ജീവിത്ച്ചെലവ്, സാധാരണക്കാർക്ക് ആശ്വാസമേകുന്ന നയങ്ങൾ എന്നിവ ഊന്നിപ്പറഞ്ഞാണ് അവർ വോട്ട് തേടിയത്.
വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് പ്രോപ്പർട്ടി ടാക്സ് കുറയ്ക്കൽ, വൈദ്യുതി ബിൽ ഇളവ്, സുരക്ഷിതമായ തെരുവുകൾ എന്നീ വാഗ്ദാനങ്ങൾ നൽകി വിവേക് രാമസ്വാമി അഭ്യർത്ഥന നടത്തിയെങ്കിലും വോട്ടർമാർ തള്ളിക്കളഞ്ഞു.
റിപ്പബ്ലിക്കൻ കോട്ടയിൽ ഡെമോക്രാറ്റ് തിരിച്ചുവരവ്
ദീർഘകാലമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടരുന്ന നിലവിലെ റിപ്പബ്ലിക്കൻ ഗവർണർ മൈക്ക് ഡീവൈൻ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ മുൻപ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച പരിചയമില്ലാത്ത ആമി ആക്ടണാണ് അധികാരം കൈയാളുന്നത്.
ട്രംപ് യുഗത്തിൽ റിപ്പബ്ലിക്കൻമാരുടെ ഉറച്ച കോട്ടയായി മാറിയ ഒഹായോയിലെ ഈ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ ഡെമോക്രാറ്റുകൾ നടത്തുന്ന വലിയ തിരിച്ചുവരവിന്റെയും ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെയും വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Tags: Vivek Ramaswamy Ohio Governor Election, Amy Acton Wins Ohio Governor, US Midterm Elections 2026, Vivek Ramaswamy News, World News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





