വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ ആറുപേർക്ക് പുതുജീവൻ നൽകി യാത്രയായി. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷ് – പി. രമ്യാദേവി ദമ്പതികളുടെ മകൻ എസ്.ആർ. രുദ്രേഷാണ് അവയവദാനത്തിലൂടെ ആറുപേർക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ പകർന്നത്. തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു രുദ്രേഷ്.
|
ഒക്ടോബർ 26ന് രാത്രി കരമന – കിള്ളിപ്പാലം റോഡിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെയും സുഹൃത്തിനെയും ഉടൻ കിള്ളിപ്പാലത്തെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും നവംബർ രണ്ടിന് വൈകിട്ട് നാലോടെ ഡോക്ടർമാർ രുദ്രേഷിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
തുടർന്നാണ് തീരാവേദനയ്ക്കിടയിലും കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്കയും പാൻക്രിയാസും കിംസ് ഹെൽത്തിലെ രോഗിക്കും നൽകി. കരൾ, അബ്ഡോമിനൽ ഫാസിയ, രക്തക്കുഴലുകൾ എന്നിവയും കിംസ് ഹെൽത്തിലെ രോഗികൾക്ക് ലഭ്യമാക്കി. നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി.
ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പരിശോധനയിൽ ഹൃദയം മാറ്റിവയ്ക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ അതിന് സാധിച്ചില്ല.
കെ-സോട്ടോ മുഖേനയാണ് അവയവദാന നടപടികൾ ഏകോപിപ്പിച്ചത്. മകന്റെ വിയോഗത്തിനിടയിലും ആറുപേർക്ക് ജീവിതം നൽകാൻ തയ്യാറായ കുടുംബത്തിന്റെ മഹത്തായ തീരുമാനത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
എസ്.ആർ. വിഘ്നേഷ്, എസ്.ആർ. അനന്തകൃഷ്ണൻ എന്നിവരാണ് രുദ്രേഷിന്റെ സഹോദരങ്ങൾ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





