11
Nov 2026
Wed
11 Nov 2026 Wed
Dr Johnson K Varghese Rape Case Actress Athulya Chandra Statement

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായി ഒളിവൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര. നടിയുടെ ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച വിവരങ്ങൾ പുറത്തറിയാതിരിക്കാനും കേസ് ഒതുക്കിത്തീർക്കാനും ഡോ. ജോൺസൺ കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് നടിയുടെ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ഓഫർ തങ്ങൾ നിരസിച്ചതോടെയാണ് തങ്ങൾ മർദിച്ചെന്നും ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും ആരോപിച്ച് ഡോക്ടർ പൊലീസിൽ വ്യാജ പരാതി നൽകിയതെന്ന് നടി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഫോൺ പിടിച്ചുവെച്ചു

ഡോക്ടറെ ഫ്ലാറ്റിൽ വെച്ച് മർദിച്ചെന്ന കേസിൽ കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലുള്ള നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

പീഡനവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും ദൃശ്യങ്ങളും ഡോക്ടറുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു. ഈ തെളിവുകൾ ഇയാൾ നശിപ്പിച്ചു കളയാതിരിക്കാനാണ് ഫ്ലാറ്റിൽ വെച്ച് ഫോൺ തിരികെ നൽകാതിരുന്നത്. പീഡനത്തിനിരയായ ബന്ധുവായ 50-കാരി വഴി ഈ ഫോൺ പൊലീസിന് തെളിവായി കൈമാറുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും നടി പൊലീസിനോട് പറഞ്ഞു. തുടർന്ന് തൃപ്പൂണിത്തുറ സ്വദേശിനിയായ ഈ ബന്ധു ഇൻഫോപാർക്ക് പൊലീസിന് ഈ ഫോൺ അടക്കം ഹാജരാക്കിയാണ് പീഡന പരാതി നൽകിയത്.

മറ്റ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ഫോണിൽ

അറസ്റ്റിലായ നടിയെയും സംഘത്തെയും സംഭവസ്ഥലമായ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. പൊലീസിന് കൈമാറിയ ഡോക്ടറുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ഒന്നിലധികം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായി സൂചനയുണ്ട്.

കൂടാതെ, പെരുമാറ്റദൂഷ്യത്തിന് സഹപ്രവർത്തകർ ഡോക്ടർക്കെതിരെ മുൻപ് ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഈ മാസം മൂന്നാം തീയതിയാണ് ഡോക്ടർ അവസാനമായി ആശുപത്രിയിൽ ജോലിക്ക് എത്തിയത്.

അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

നടിയുടെ ബന്ധു പീഡന പരാതി നൽകിയതോടെ ഡോ. ജോൺസൺ കെ. വർഗീസ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് ശക്തമായി സംശയിക്കുന്നു.

അതേസമയം, തനിക്കെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും നടി തന്നിൽനിന്ന് മൂന്ന് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നും ആരോപിച്ച് ഡോ. ജോൺസൺ കെ. വർഗീസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

Tags: Dr Johnson K Varghese, Athulya Chandra, Kochi Police, Crime News Malayalam, Kerala News, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക