അമേരിക്കയുമായും ഇസ്രയേലുമായും സംഘർഷം ശക്തമാകുന്നതിനിടെ രഹസ്യ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. ചൊവ്വാഴ്ച ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ സൈനിക മേധാവിയായ അലി അബ്ദൊല്ലാഹിയും റെവല്യൂഷണറി ഗാർഡ്സ് എയ്‌റോസ്പേസ് ഫോഴ്‌സ് കമാൻഡർ മജീദ് മൗസവിയും കേന്ദ്രത്തിലെ വിവിധ ഭാഗങ്ങൾ പരിശോധിക്കുന്നത് കാണാം. ഭൂഗർഭ തുരങ്കങ്ങളിൽ നിരനിരയായി സൂക്ഷിച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, മിസൈൽ ഗതാഗതത്തിനുള്ള വാഹനങ്ങൾ, ഇറാൻ പതാകകൾ, റെവല്യൂഷണറി ഗാർഡ്സ് ബാനറുകൾ എന്നിവയും ദൃശ്യങ്ങളിലുണ്ട്. എന്നാൽ കേന്ദ്രം എവിടെയാണെന്നോ സന്ദർശനം ചിത്രീകരിച്ചത് എപ്പോഴാണെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
|
അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യൻ മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്ന് അലി അബ്ദൊല്ലാഹി മുന്നറിയിപ്പ് നൽകി. ശത്രു വീണ്ടും നീക്കമുണ്ടാക്കിയാൽ മേഖലയ്ക്ക് പുറത്തേക്കും തിരിച്ചടി വ്യാപിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശനിയാഴ്ച പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിടുമെന്ന് റെവല്യൂഷണറി ഗാർഡ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യോമാക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനും യുദ്ധസാഹചര്യത്തിലും ആയുധനിർമാണം തടസ്സമില്ലാതെ തുടരുന്നതിനുമായി മിസൈൽ ഉൽപ്പാദനത്തിന്റെ ഒരു ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റെവല്യൂഷണറി ഗാർഡ്സ് വക്താവ് ഹൊസൈൻ മൊഹെബ്ബി വ്യക്തമാക്കിയിരുന്നു.
സംഘർഷം അമേരിക്കയുമായും ഇസ്രയേലുമായും കൂടുതൽ രൂക്ഷമായാൽ ഇതുവരെ പുറത്തുവിടാത്ത ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ തിരിച്ചടിക്കുമെന്നും മൊഹെബ്ബി മുന്നറിയിപ്പ് നൽകി. ടെഹ്‌റാനെതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം. ഈ മാസം ആദ്യം അമേരിക്ക ഖേഷം ദ്വീപിൽ ആക്രമണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളെ ഇറാൻ ‘മിസൈൽ സിറ്റികൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മിസൈലുകൾ സൂക്ഷിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണ് ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത്.
ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽനിന്ന് മിസൈൽ ശേഖരവും വിക്ഷേപണ സംവിധാനങ്ങളും സംരക്ഷിക്കുകയാണ് ഭൂഗർഭ കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. ആയുധങ്ങളും ഉൽപ്പാദന സംവിധാനങ്ങളും ഭൂമിക്കടിയിലേക്ക് മാറ്റുന്നതിലൂടെ യുദ്ധസമയത്തും സൈനിക പ്രവർത്തനങ്ങൾ തുടരാനാകുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ഇറാന്റെ ഇത്തരം മിസൈൽ ശൃംഖലകൾ ലക്ഷ്യമിട്ട് ഇസ്രയേൽ നേരത്തെയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ യുദ്ധത്തിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, അനുബന്ധ സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാന്റെ തിരിച്ചടിക്കാനുള്ള ശേഷി കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
ആക്രമണങ്ങളിൽ തകർന്ന കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇറാൻ തുടരുകയാണ്. ഫെബ്രുവരിയിൽ റോയിട്ടേഴ്‌സ് പരിശോധിച്ച ഉപഗ്രഹ ചിത്രങ്ങളിൽ ആക്രമണത്തിനിരയായ മിസൈൽ താവളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതായി വ്യക്തമായിരുന്നു. തന്ത്രപ്രധാനമായ സൈനിക-ആണവ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അവയുടെ സ്ഥാനം മറച്ചുവെക്കുന്നതിനുമുള്ള ശ്രമങ്ങളും ചിത്രങ്ങളിൽ കണ്ടെത്തിയിരുന്നു. പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടത് ഇറാന്റെ മിസൈൽ ശൃംഖല ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും മറ്റൊരു സൈനിക ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും അമേരിക്കയ്ക്കും ഇസ്രയേലിനും സന്ദേശം നൽകാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





