11
Nov 2026
Wed
11 Nov 2026 Wed
India Simplifies Visa Rules, Cuts Categories to Nine

വിദേശികൾക്ക് ഇന്ത്യയിലെത്തുന്നത് കൂടുതൽ എളുപ്പമാക്കാൻ വിസാ നിയമങ്ങളിൽ വൻ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ. ടൂറിസം, ബിസിനസ്, ചികിത്സ, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വിസാ നടപടികളാണ് ലളിതമാക്കിയത്. പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 13ൽനിന്ന് ഒൻപതായും ഉപവിഭാഗങ്ങൾ 49ൽനിന്ന് 23 ആയും കുറച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ പരിഷ്‌കാരത്തിന്റെ ഭാഗമായി വിസാ അപേക്ഷാ ഫോമുകളിലെ വിവരങ്ങൾ പൂരിപ്പിക്കേണ്ട ഭാഗങ്ങളും 65 മുതൽ 70 ശതമാനം വരെ കുറച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ വിസാ സംവിധാനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പഠിച്ച ശേഷമാണ് മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടൂറിസ്റ്റ് വിസയുടെ പേര് ഇനി വിസിറ്റർ വിസ എന്നായിരിക്കും. വിനോദസഞ്ചാരത്തിന് പുറമെ ബിസിനസ് കൂടിക്കാഴ്ചകൾ, ചികിത്സാ കൺസൾട്ടേഷനുകൾ, വെൽനസ് കേന്ദ്രങ്ങളിലെ താമസം, ഹ്രസ്വകാല സാംസ്കാരിക-വിദ്യാഭ്യാസ കോഴ്സുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വി-1, വി-2 എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളാണുള്ളത്. വി-1 വിസ 30 ദിവസത്തേക്ക് ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുന്ന രീതിയിലാണ്. വിനോദസഞ്ചാരം, ഹ്രസ്വകാല ബിസിനസ് കൂടിക്കാഴ്ചകൾ, ചികിത്സ, യോഗാ പരിശീലനം, ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല കോഴ്സുകൾക്കും ഇത് ഉപയോഗിക്കാം. കൂടുതൽ കാലം ഇന്ത്യയിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ ഒന്ന്, അഞ്ച്, പത്ത് വർഷം കാലാവധിയുള്ള വി-2 വിസ ലഭിക്കും. പർവതാരോഹണത്തിനും ഇതിൽ അനുമതിയുണ്ട്. പർവതാരോഹണത്തിനായി ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്കുള്ള മെഡിക്കൽ വിസയിലും പ്രധാന മാറ്റങ്ങളുണ്ട്. സാധാരണ ചികിത്സയ്ക്കായി എം-1 വിസയും ആയുഷ് ചികിത്സാ രീതികൾക്കായി എം-3 വിസയും അനുവദിക്കും. രണ്ട് വിസകൾക്കും സാധാരണയായി ഒരു വർഷത്തെ കാലാവധിയും ഒന്നിലധികം തവണ ഇന്ത്യയിൽ പ്രവേശിക്കാനുള്ള അനുമതിയും ലഭിക്കും. രോഗികളെ അനുഗമിക്കുന്നവർക്കായി എം-2, എം-4 എന്നീ പ്രത്യേക വിസകളും ഏർപ്പെടുത്തിയിട്ടുണ്ട്. എം-1 വിസയുള്ളവരെ അനുഗമിക്കുന്നവർക്ക് എം-2 വിസയും എം-3 വിസയുള്ളവരെ അനുഗമിക്കുന്നവർക്ക് എം-4 വിസയും ലഭിക്കും. തുടർചികിത്സയ്ക്കും പരിശോധനകൾക്കുമായി പലതവണ ഇന്ത്യയിലെത്തേണ്ട രോഗികൾക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും. കേന്ദ്ര സർക്കാരിന്റെ ‘ഹീൽ ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരം.

വിദേശ വിദ്യാർഥികൾക്കും ഗവേഷകർക്കുമുള്ള വിസാ വിഭാഗങ്ങളും പുനഃസംഘടിപ്പിച്ചു. എസ്-1 വിസ സ്കൂൾ, ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കായി അനുവദിക്കും. പി.എച്ച്.ഡി ഗവേഷകർ, ഗവേഷണ വിദ്യാർഥികൾ, വിസിറ്റിങ് അധ്യാപകർ, ശാസ്ത്രീയ-നരവംശശാസ്ത്ര പര്യവേഷണങ്ങൾ, ഇന്റേൺഷിപ്പ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവ എസ്-2 വിഭാഗത്തിൽ ഉൾപ്പെടും. സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ വഴി ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദേശ വിദ്യാർഥികൾക്ക് പഠനകാലയളവിനോ പരമാവധി അഞ്ച് വർഷത്തേക്കോ ഇ-എസ്-1 വിസ ലഭിക്കും. ഇതിലും മൾട്ടിപ്പിൾ എൻട്രി സൗകര്യമുണ്ടാകും.

വിദേശ സംരംഭകർക്കും ബിസിനസ് രംഗത്തുള്ളവർക്കുമുള്ള വിസകൾ ബി-1, ബി-2 എന്നിങ്ങനെ രണ്ടായി ക്രമീകരിച്ചു. ഇന്ത്യയിൽ വ്യവസായമോ ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിനും ദീർഘകാല ബിസിനസ് പ്രവർത്തനങ്ങൾക്കുമായി ബി-1 വിസ അനുവദിക്കും. കരാർ അടിസ്ഥാനത്തിലുള്ള ഹ്രസ്വകാല പ്രവർത്തനങ്ങൾ, നിക്ഷേപവുമായി ബന്ധപ്പെട്ട ബിസിനസ് പ്രവർത്തനങ്ങൾ, സമ്മേളനങ്ങൾ, കായിക-സാംസ്കാരിക പരിപാടികൾ, സിനിമാ ചിത്രീകരണം എന്നിവയ്ക്ക് ബി-2 വിസ ലഭിക്കും. ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന വിദേശ വിദഗ്ധർ, എൻജിനീയർമാർ, സാങ്കേതിക ജീവനക്കാർ എന്നിവർക്കും പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. യന്ത്രസാമഗ്രികളുടെ സ്ഥാപനം, പ്രവർത്തനസജ്ജമാക്കൽ, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണി, ഐ.ടി, ഇആർപി പ്രവർത്തനങ്ങൾ, പരിശീലനം, വിതരണ ശൃംഖല വികസനം, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇ-വിസ സംവിധാനത്തിലൂടെ ബി-2 വിഭാഗത്തിൽ പ്രൊഡക്ഷൻ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ് വിസ ലഭിക്കും.

നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ-വിസ സൗകര്യം അനുവദിക്കുന്നുണ്ട്. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വഴിയാണ് 13 ഉപവിഭാഗങ്ങളിലായി ഇ-വിസകൾ നൽകുന്നത്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനായി വിവരസാങ്കേതിക സംവിധാനങ്ങൾ പുതുക്കിവരികയാണെന്നും 2026 അവസാനത്തോടെ പുതിയ ചട്ടപ്രകാരമുള്ള വിസകൾ അനുവദിച്ചുതുടങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബിസിനസ്, നയതന്ത്രം, തൊഴിൽ, മാധ്യമപ്രവർത്തനം, ചികിത്സ, ഔദ്യോഗികം, വിദ്യാർഥി, സന്ദർശക, വിവിധ ആവശ്യങ്ങൾക്കുള്ള വിസകൾ എന്നിങ്ങനെയാണ് പുതിയ ഒൻപത് പ്രധാന വിഭാഗങ്ങൾ. ഇന്ത്യൻ വംശജർ, അവരുടെ പങ്കാളികൾ, കുട്ടികൾ, ദീർഘകാല വിസയുള്ള വിദേശികളുടെ ആശ്രിതർ, ഔറോവിൽ ഫൗണ്ടേഷൻ പോലുള്ള സ്ഥാപനങ്ങളിൽ ചേരുന്നവർ, അഫ്ഗാൻ പൗരന്മാർ തുടങ്ങി പ്രത്യേക വിഭാഗങ്ങൾക്കുള്ള അനുമതികൾ വിവിധ ആവശ്യങ്ങൾക്കുള്ള വിസയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക