മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പന്‍വേലിനടുത്തുള്ള ഖൊപ്പോളിയില്‍ തനിച്ചു താമസിച്ചിരുന്ന മലയാളി വയോധികയെ ഫ്‌ലാറ്റിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവില്‍ മഹേശ്വരി രാമചന്ദ്രനാണ് (71) കൊല്ലപ്പെട്ടത്. ഖൊപ്പോളി ഭാന്‍വജിലെ കാര്‍മല്‍ സ്‌കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബില്‍ഡിങ്ങിലെ നാലാം നമ്പര്‍ ഫ്‌ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
|
സംഭവം പ്രദേശവാസികളെയും മുംബൈയിലെ മലയാളി സമൂഹത്തെയും വലിയ നടുക്കത്തിലും ആശങ്കയിലുമാക്കിയിട്ടുണ്ട്.
കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ മൃതദേഹം; കവര്‍ച്ചാ ശ്രമമെന്ന് സംശയം
ഫ്‌ലാറ്റിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയിലും രക്തം വാര്‍ന്നൊഴുകിയ നിലയിലുമായിരുന്നു മഹേശ്വരിയുടെ മൃതദേഹം കാണപ്പെട്ടത്. തനിച്ചു താമസിക്കുന്ന വയോധികയെ ലക്ഷ്യമിട്ട് കവര്‍ച്ചയ്‌ക്കെത്തിയ സംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കള്‍. മൂന്ന് മക്കളും വിദേശത്തായതിനാല്‍ മഹേശ്വരി ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി
വിവരമറിഞ്ഞ ഉടന്‍ തന്നെ ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഖാലാപുര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും നവി മുംബൈയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫ്‌ലാറ്റിലെത്തി തെളിവുകള്‍ ശേഖരിച്ചു.
ബില്‍ഡിങ്ങിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ഫ്‌ലാറ്റില്‍ സ്ഥിരമായി വന്നുപോകുന്നവരെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണവും കൊലപാതകം നടന്ന കൃത്യസമയവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് ഖൊപ്പോളി പൊലീസ് അറിയിച്ചു.
Tags: Mumbai Malayali Murder, Khopoli Crime News, Maheshwari Ramachandran, Alappuzha Native Murdered, Maharashtra Police, Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



