12
Nov 2026
Thu
12 Nov 2026 Thu
Train Gold Theft Palakkad RPF Arrests Balamurali Muthiah via Instagram Clues

പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ വയോധികയുടെ 47 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ശേഷം, നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വാരിക്കോരി സമ്മാനങ്ങള്‍ നല്‍കി ‘ഹീറോ’ ആയി വിലസിയ കള്ളന്‍ ഒടുവില്‍ കേരള പൊലീസിന്റെ വലയിലായി. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലമുരളി മുത്തയ്യയെയാണ് (38) പാലക്കാട് റെയില്‍വേ പൊലീസും ആര്‍.പി.എഫും ചേര്‍ന്ന് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • 47 പവൻ കവർന്ന കള്ളൻ പിടിയിൽ: ചെന്നൈ-ചെങ്ങന്നൂർ ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 47 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരളി മുത്തയ്യയെ (38) പാലക്കാട് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടി.
  • കട്ട സ്വർണം കൊണ്ട് ‘ഹീറോ’ വേഷം: മോഷ്ടിച്ച സ്വർണം വിറ്റ പണം കൊണ്ട് നാട്ടുകാർക്ക് വാരിക്കോരി സമ്മാനങ്ങൾ നൽകിയും പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തും ഇയാൾ പിറന്നാളും ദീപാവലിയും ആഘോഷിക്കുകയായിരുന്നു.
  • വിനയായത് ഇൻസ്റ്റഗ്രാം റീൽസ്: ഭക്തിനിർഭരമായ ഉപദേശങ്ങളും ആഘോഷ വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് പൊലീസിന് പ്രതിയിലേക്കുള്ള കൃത്യമായ വഴിതുറന്നത്.
  • 36.42 പവൻ കണ്ടെടുത്തു: കോയമ്പത്തൂർ പാപ്പാംപെട്ടിയിലെ വാടകവീട്ടിൽ ഒളിപ്പിച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകിട്ട് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ റീല്‍സുകളും പോസ്റ്റുകളുമാണ് പൊലീസിന് കൃത്യമായ തുമ്പായത്.

പേരക്കുട്ടിയുടെ കല്യാണത്തിന് കരുതിയ സ്വര്‍ണം കവര്‍ന്നു

ചെങ്ങന്നൂര്‍ സ്വദേശിനിയായ കുമാരിയുടെ (66) സ്വര്‍ണമാണ് ബാലമുരളി കവര്‍ന്നത്. പേരക്കുട്ടിയുടെ വിവാഹാവശ്യത്തിനായി 47 പവന്‍ സ്വര്‍ണാഭരണങ്ങളുമായി ചെന്നൈയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു കുമാരി.

യാത്രയ്ക്കിടെ ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട വിവരം വയോധിക അറിയുന്നത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പാലക്കാട് റെയില്‍വേ പൊലീസും ആര്‍.പി.എഫും സംയുക്തമായി വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മാസ്‌ക് ധരിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ നീങ്ങുന്ന ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീണ്ടു.

കട്ട സ്വര്‍ണം കൊണ്ട് ദീപാവലിയും പിറന്നാളും; ഇന്‍സ്റ്റഗ്രാമില്‍ ഉപദേശങ്ങള്‍!

മോഷണത്തിന് ശേഷം പല സ്റ്റേഷനുകള്‍ കയറിയിറങ്ങി തന്ത്രപൂര്‍വ്വം ഡിണ്ടിഗലിലെത്തിയ ബാലമുരളി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ‘കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റ പണം ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി നല്‍കിയും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തും ഇയാള്‍ നാട്ടില്‍ വലിയ മനുഷ്യസ്‌നേഹിയായി ചമയുകയായിരുന്നു. ഇതിനിടെ തന്റെ പിറന്നാളും ദീപാവലിയും കുടുംബത്തോടൊപ്പം ആര്‍ഭാടമായി ആഘോഷിക്കുകയും ചെയ്തു.’

ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങളും, ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഭക്തിനിര്‍ഭരമായ ഉപദേശങ്ങളും ഇയാള്‍ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിലെ ശരീരഭാഷയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലെ സൂചനകളും ഒത്തുനോക്കിയതോടെ പ്രതി ബാലമുരളി തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു.

കോയമ്പത്തൂരില്‍ വെച്ച് സാഹസികമായി പിടികൂടി

ഡിണ്ടിഗലില്‍ വെച്ച് ഇയാളെ പലതവണ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തന്ത്രപൂര്‍വ്വം വഴുതിമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവന്ന പൊലീസ് സംഘം, കോയമ്പത്തൂര്‍ പാപ്പാംപെട്ടിയിലെ വാടകവീട്ടില്‍ ഒളിപ്പിച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് സാഹസികമായി വളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് 36.42 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തേ ലാപ്‌ടോപ് മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ബാക്കി സ്വര്‍ണം വിറ്റ പണം എവിടെയൊക്കെ ചെലവഴിച്ചുവെന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Tags: Train Gold Theft, Palakkad Railway Police, RPF Kerala, Balamurali Muthiah, Instagram Thief Arrest, Kerala Crime News, Railway Theft, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക