12
Nov 2026
Thu
12 Nov 2026 Thu
Chavakkad Taluk Hospital Medical Negligence Cotton Left Inside Woman Body

ചാവക്കാട് (തൃശൂര്‍): ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി മറന്നുവെച്ച് തുന്നിക്കെട്ടിയതായി ഗുരുതര പരാതി. കടപ്പുറം മുനക്കക്കടവ് റഹ്‌മാനിയ മസ്ജിദിനടുത്ത് പുതുവീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകള്‍ ഫാത്തിമത്തുല്‍ ഷറഫിയയാണ് (21) ചികിത്സാ പിഴവിനെ തുടര്‍ന്ന് 43 ദിവസത്തോളം കടുത്ത വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കയ്പമംഗലം ചളിങ്ങാട് സ്വദേശി മുഹമ്മദ് ഷാഹിറിന്റെ ഭാര്യയായ ഷറഫിയയുടെ ആദ്യ പ്രസവമായിരുന്നു ഇത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയും കുടുംബവും ആരോഗ്യമന്ത്രി കെ. മുരളീധരന്‍, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ചാവക്കാട് പൊലീസും യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

43 ദിവസത്തെ നരകയാതന; സ്‌കാനിങ്ങില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന സത്യം

കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് പ്രസവത്തിനായി ഷറഫിയയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18-ന് രാവിലെ സാധാരണ പ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
‘പ്രസവശേഷം വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെ അമിതമായി രക്തസ്രാവമുണ്ടായി. ഇതോടെ വീണ്ടും ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി തുന്നിക്കെട്ടി. രക്തസ്രാവം നിയന്ത്രിക്കാന്‍ പഞ്ഞി വെച്ചിരുന്നതായും അത് നീക്കം ചെയ്തതായും പറഞ്ഞ ശേഷമാണ് വാര്‍ഡിലേക്ക് മാറ്റിയത്. നാലുദിവസത്തിന് ശേഷം ആശുപത്രി വിട്ടു,’ – ഷറഫിയ പറയുന്നു.

എന്നാല്‍ ആശുപത്രി വിട്ട് 13-ാം ദിവസം മുതല്‍ ശരീരത്തില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വരികയും തുന്നിക്കെട്ടിയ ഭാഗം പഴുത്ത് കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി പ്രസവമെടുത്ത ഡോ. ഡിറ്റോ ടോമിനെ കാണിച്ചെങ്കിലും, ദുര്‍ഗന്ധം സ്വാഭാവികമാണെന്ന് പറഞ്ഞ് പഴുപ്പിനുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കി മടക്കി അയക്കുകയായിരുന്നു.

ഇരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥയിലായതോടെ, സെപ്റ്റംബര്‍ 29-ന് (43ാം ദിവസം) വീട്ടുകാര്‍ യുവതിയെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് മുറിവിന് തൊട്ടുതാഴെയായി ഉള്ളില്‍ കുടുങ്ങിയ നിലയില്‍ പഞ്ഞിക്കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പഞ്ഞി പൂര്‍ണ്ണമായും പുറത്തെടുത്തത്.

ആരോപണം നിഷേധിച്ച് ഡോക്ടര്‍; 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മറുപരാതി

അതേസമയം, ചികിത്സാ പിഴവ് ആരോപണം ഡോ. ഡിറ്റോ ടോം പൂര്‍ണ്ണമായും തള്ളി. രക്തസ്രാവം പരിശോധിക്കാനായി പുറംഭാഗത്ത് വെച്ച പഞ്ഞി അരമണിക്കൂറിനുള്ളില്‍ തന്നെ നീക്കം ചെയ്തിരുന്നുവെന്നും, ഇതിന്റെ സമയക്രമം ആശുപത്രി രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. പരാതിക്കാര്‍ തന്നോട് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും, പണം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് വ്യാജ ആരോപണവുമായി രംഗത്തെത്തിയതെന്നും ഡോക്ടര്‍ ആരോപിച്ചു.

എന്നാല്‍, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നാണ് ആദ്യം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നതെന്നാണ് കുടുംബത്തിന്റെ മറുപടി. ഡി.എം.ഒ അന്വേഷണ സംഘത്തെ നിയോഗിച്ചു സംഭവം വിവാദമായതോടെ ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ്കുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. സുജാതയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പ്രത്യേക ഗൈനക്കോളജി വിദഗ്ദ്ധ സംഘത്തെ ഡി.എം.ഒ നിയോഗിച്ചിട്ടുണ്ട്. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച്. അക്ബറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Tags: Chavakkad Taluk Hospital, Medical Negligence Kerala, Thrissur News, Health Department Kerala, DMO Investigation, Kerala News, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക