12
Nov 2026
Thu
12 Nov 2026 Thu
Child Safety Lessons Through Storytelling at Sharjah Book Fair

അപരിചിതർ സമീപിച്ചാൽ കുട്ടികൾ എങ്ങനെ പ്രതികരിക്കണം? തിരക്കേറിയ സ്ഥലങ്ങളിൽ മാതാപിതാക്കളിൽനിന്ന് വേർപെട്ടുപോയാൽ ആരുടെ സഹായം തേടണം? ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതമായ തീരുമാനങ്ങളെടുക്കാൻ പരിശീലനം നൽകുന്നതിനായി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ (CSO) രണ്ട് സംവേദനാത്മക കഥാവതരണങ്ങൾ സംഘടിപ്പിച്ചു. നാല് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പരിപാടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിചിതമായ സാഹചര്യങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുത്തി അവതരിപ്പിച്ച കഥകളിലൂടെ അപകടസാധ്യതകൾ തിരിച്ചറിയാനും സുരക്ഷിതമായ തീരുമാനങ്ങളെടുക്കാനും കുട്ടികളെ പ്രാപ്തരാക്കി. ഭയപ്പെടുത്താതെ വ്യക്തിഗത സുരക്ഷയെക്കുറിച്ച് ബോധവത്കരിക്കുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. അസ്വസ്ഥത തോന്നുന്ന സാഹചര്യങ്ങളിൽ തുറന്നുപറയാനും വിശ്വസിക്കാവുന്ന മുതിർന്നവരുടെ സഹായം തേടാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

സഹർ നജ രചിച്ച് ഫാദി ഫാദൽ ചിത്രീകരിച്ച ‘ടാം ടാം ദ ഡക്ക്’ എന്ന പുസ്തകമായിരുന്നു ആദ്യ കഥാവതരണത്തിന്റെ ആധാരം. അപരിചിതർ നൽകുന്ന പ്രലോഭനങ്ങളിൽ അകപ്പെടുന്നതിന്റെ അപകടം, സുരക്ഷിതമല്ലാത്ത ആവശ്യങ്ങളോട് ‘നോ’ പറയേണ്ടതിന്റെ പ്രാധാന്യം, രഹസ്യങ്ങളിൽ ഏതൊക്കെയാണ് വിശ്വസിക്കുന്ന മുതിർന്നവരോട് പങ്കുവെക്കേണ്ടതെന്ന കാര്യങ്ങൾ എന്നിവ കഥയിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സബാഹ് ദീബ് രചിച്ച് ഫാദി ഫാദൽ ചിത്രീകരിച്ച ‘എ ട്രിപ്പ് ടു ദ മാർക്കറ്റ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു രണ്ടാമത്തെ അവതരണം. പൊതുസ്ഥലങ്ങളിൽ മാതാപിതാക്കളോടൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയും അവരിൽനിന്ന് വേർപെട്ടുപോയാൽ എങ്ങനെ പ്രതികരിക്കണമെന്നും കഥയിലൂടെ വിശദീകരിച്ചു. ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ സഹായം തേടാനും കുട്ടികളെ പഠിപ്പിച്ചു.

കുട്ടികളുടെ പ്രായത്തിനും വളർച്ചയുടെ ഘട്ടങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രതിരോധ സുരക്ഷാ ബോധവത്കരണം എത്തിക്കുകയാണ് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷന്റെ ലക്ഷ്യം. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും ഓർത്തുവെക്കാനും കഴിയുന്ന കഥകളിലൂടെ സുരക്ഷാ പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക