കഥപറച്ചിൽ അവസാനിക്കുകയാണോ, അതോ പുതിയ കാലത്തിനനുസരിച്ച് രൂപം മാറുകയാണോ? വായനാശീലം കുറയുകയും സാങ്കേതികവിദ്യയും ശാസ്ത്രപഠനവും വിദ്യാഭ്യാസരംഗത്ത് കൂടുതൽ പ്രാധാന്യം നേടുകയും ചെയ്യുന്ന കാലത്ത് കഥകളുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വേദിയായി ഷാർജ അന്താരാഷ്ട്ര പുസ്തകമേള.
|
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘ആരാണ് കഥയെ കൊല്ലുന്നത്?’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കഥപറച്ചിൽ ഇല്ലാതാകുകയല്ലെന്നും കാലത്തിനനുസരിച്ച് പരിണമിക്കുകയാണെന്നും എഴുത്തുകാർ അഭിപ്രായപ്പെട്ടു. തായ് എഴുത്തുകാരൻ റെവാട്ട് പാൻപിപാറ്റ്, ടുണീഷ്യൻ നോവലിസ്റ്റ് ഡോ. നിസാർ ചക്രൂൺ, ഡോ. ഹസൻ അൽ നാമി എന്നിവർ പങ്കെടുത്തു. ലൂയിസ് ഡെൻഹാം മോഡറേറ്ററായിരുന്നു. ദുബായിലെ തായ് കോൺസൽ ജനറൽ ചക്രിയനോറത്ത് സെവികുൽ സന്നിഹിതനായിരുന്നു.
കഥപറച്ചിൽ അപ്രത്യക്ഷമാകുകയാണെന്ന വാദം ഡോ. ഹസൻ അൽ നാമി തള്ളി. അറബ് സാഹിത്യപാരമ്പര്യത്തിലെ നാടോടിക്കഥകൾ, യാത്രാവിവരണങ്ങൾ, ‘ആയിരത്തൊന്ന് രാവുകൾ’ തുടങ്ങിയവയിലൂടെ കഥകൾ കാലാകാലങ്ങളിൽ രൂപം മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം മാറുന്നതിനനുസരിച്ച് കഥപറച്ചിലിന്റെ രീതികൾ മാറുന്നുണ്ടെങ്കിലും കഥകൾ സജീവമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഥകളുടെ മരണം സംബന്ധിച്ച ആശങ്ക പുതിയതല്ലെന്ന് ഡോ. നിസാർ ചക്രൂൺ അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രഫി കണ്ടുപിടിച്ച കാലത്തും ചിത്രങ്ങൾ മനുഷ്യന്റെ ഭാവനയെയും ഓർമകളെയും ഇല്ലാതാക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയും കുറഞ്ഞ ശ്രദ്ധാസമയവും കഥപറച്ചിലിന് വെല്ലുവിളിയാണെങ്കിലും മനുഷ്യരാശി നിലനിൽക്കുന്നിടത്തോളം കഥകളും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതോടെ സ്കൂളുകളിൽ സാഹിത്യപഠനത്തിന് ലഭിക്കുന്ന ഇടം കുറയുന്നതിൽ റെവാട്ട് പാൻപിപാറ്റ് ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളിൽ വായനാശീലവും ഭാവനാശേഷിയും വളർത്തുന്നതിൽ സാഹിത്യത്തിന് വലിയ പങ്കുണ്ട്. ക്ലാസ് മുറികളിൽനിന്ന് സാഹിത്യം അപ്രത്യക്ഷമായാൽ വായനയുടെ ആനന്ദം കണ്ടെത്താനുള്ള അവസരമാണ് കുട്ടികൾക്ക് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ജീവിതത്തിലെ നിരന്തരമായ യാത്രകളും സ്ഥലങ്ങളുമായും ഓർമകളുമായുമുള്ള ബന്ധം ദുർബലപ്പെടുത്തുന്നുണ്ടെന്ന് ഡോ. അൽ നാമി ചൂണ്ടിക്കാട്ടി. കഥകൾ രൂപപ്പെടുന്നത് മനുഷ്യരുടെ അനുഭവങ്ങൾ, ഓർമകൾ, സ്വത്വബോധം, സ്ഥലങ്ങളുമായുള്ള ബന്ധം എന്നിവയിൽ നിന്നാണ്. അച്ചടിച്ച പുസ്തകങ്ങളിൽനിന്ന് സ്ക്രീനുകളിലേക്ക് കഥപറച്ചിൽ മാറിയേക്കാമെങ്കിലും കഥകൾ ഒരിക്കലും ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ എക്സ്പോ സെന്റർ ഷാർജയിൽ നവംബർ 4 മുതൽ 15 വരെയാണ് 45-ാമത് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ‘നിങ്ങൾക്കും ഒരു പുസ്തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രസാധകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്നു. സാഹിത്യചർച്ചകൾ, സാംസ്കാരിക പരിപാടികൾ, ശിൽപശാലകൾ, പുസ്തകപ്രകാശനങ്ങൾ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



