12
Nov 2026
Thu
12 Nov 2026 Thu
Humans are creative and AI is generative Peter Gould tells SIBF 2026 audiences

സർഗാത്മക മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും മനുഷ്യന്റെ ഭാവനയ്ക്കും മൗലിക ചിന്തയ്ക്കും പകരമാകരുതെന്ന് എഴുത്തുകാരും കലാകാരന്മാരും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) നടന്ന ചർച്ചയിലാണ് മൂന്ന് പ്രമുഖർ ഈ അഭിപ്രായം പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ദ മെഷീൻ കാൻ മേക്ക് ഇറ്റ്, ബട്ട് ഇറ്റ് ഹാസ് നത്തിങ് ടു സേ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഓസ്‌ട്രേലിയൻ ഡിസൈനറും എഴുത്തുകാരനും യുഎൻഎച്ച്സിആർ അംബാസഡറുമായ പീറ്റർ ഗൗൾഡ്, ഈജിപ്ഷ്യൻ നോവലിസ്റ്റും മാധ്യമപ്രവർത്തകയുമായ നൂറ നാഗി, എമിറാത്തി ചിത്രകാരനും എഴുത്തുകാരനുമായ നാസർ നസറല്ല എന്നിവർ പങ്കെടുത്തു. ലൈല അൽ സാഫിയായിരുന്നു മോഡറേറ്റർ.

ആവർത്തന സ്വഭാവമുള്ളതും കൂടുതൽ സമയം ആവശ്യമായതുമായ ജോലികൾ എഐയെ ഏൽപ്പിക്കുന്നത് പ്രയോജനകരമാണെന്ന് പീറ്റർ ഗൗൾഡ് പറഞ്ഞു. ഇതിലൂടെ മനുഷ്യർക്ക് ഭാവനയും മൗലികതയും ആവശ്യമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. എന്നാൽ സർഗാത്മക പ്രക്രിയ തന്നെ എഐയെ ഏൽപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യർ ഭാവനയിലൂടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്യുമ്പോൾ എഐ മുൻകാല വിവരങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐയെ കലാസൃഷ്ടികൾക്കല്ല, മറിച്ച് ഭരണപരമായ ജോലികൾക്കും ആസൂത്രണത്തിനും ഓർമപ്പെടുത്തലുകൾ ക്രമീകരിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് നാസർ നസറല്ല പറഞ്ഞു. ഒരു സഹായിയെപ്പോലെ എഐ പ്രവർത്തിക്കുന്നതിലൂടെ സമയം ലാഭിക്കാനാകുമെന്നും എന്നാൽ സർഗാത്മക പ്രവർത്തനങ്ങളിൽ അതിനെ ആശ്രയിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഴുത്തുകാരന്റെ വ്യക്തിമുദ്രയും തനതായ ശൈലിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നൂറ നാഗി ചൂണ്ടിക്കാട്ടി. എഐക്ക് മനുഷ്യൻ എഴുതുന്ന സാഹിത്യത്തിലെ വ്യക്തിത്വവും ആഴവും ഇല്ലെന്നും അമിതമായ ആശ്രയം സാഹിത്യരചനകളുടെ മൗലികതയെ ബാധിക്കുമെന്നും അവർ പറഞ്ഞു. സാങ്കേതികവിദ്യ സർഗാത്മക പ്രവർത്തനങ്ങളെ സഹായിക്കാനുള്ള ഉപാധിയായി ഉപയോഗിക്കണമെന്നും മനുഷ്യന്റെ അനുഭവങ്ങളും ഭാവനയും സ്വതന്ത്ര ചിന്തയും തന്നെയാണ് മികച്ച കലാസൃഷ്ടികളുടെ അടിത്തറയെന്നും ചർച്ച വിലയിരുത്തി.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന സാംസ്കാരിക, സർഗാത്മക, കലാപരിപാടികളിലായി 1,500 സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക