കുട്ടികളിൽ വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതുമുതൽ എമിറാത്തി സാംസ്കാരിക പൈതൃകം കഥകളിലൂടെ പരിചയപ്പെടുത്തുന്നതുവരെ വൈവിധ്യമാർന്ന പരിപാടികളുമായി കലിമാത്ത്. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) കഥാവതരണങ്ങൾ, പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ എന്നിവയാണ് കലിമാത്ത് ഗ്രൂപ്പിന്റെ പ്രസാധക വിഭാഗമായ കലിമാത്ത് സംഘടിപ്പിക്കുന്നത്. ആറു മുതൽ ഒൻപത് വയസ്സുവരെയുള്ള കുട്ടികൾക്കായി നവംബർ അഞ്ചിന് നെർമിൻ മഗ്ദി ബദറിന്റെ Will You Enter the Ice Cream Truck? എന്ന പുസ്തകത്തിന്റെ വായനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കുട്ടികളുടെ ശരീരസുരക്ഷയും വ്യക്തിപരമായ അതിരുകളും സംബന്ധിച്ച് മാതാപിതാക്കളും അധ്യാപകരും എങ്ങനെ സംസാരിക്കണമെന്ന വിഷയത്തിൽ ചർച്ചയും നടന്നു. അസ്വസ്ഥത തോന്നുമ്പോൾ ‘ഇല്ല’ എന്നു പറയാനും ആവശ്യമെങ്കിൽ സഹായം തേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിൽ കഥകൾക്കുള്ള പങ്ക് ചർച്ചയിൽ വിലയിരുത്തി.
|
നവംബർ ആറിന് നാസർ അൽ ദോസരി തന്റെ On This Chair എന്ന പുസ്തകം പ്രകാശനം ചെയ്യുകയും കുട്ടികൾക്കായി കഥാവതരണം നടത്തുകയും ചെയ്തു. നവംബർ ഏഴിന് റഹഫ് അൽ സബേഹിന്റെ Hellosito എന്ന പുസ്തകത്തെ ആസ്പദമാക്കി വായനാ പരിപാടിയും സംഘടിപ്പിച്ചു. എമിറാത്തി എഴുത്തുകാരൻ മുഹമ്മദ് അൽ ഒതൈബയുടെ The Pearl എന്ന നോവലും മേളയിലെ ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി. സാഹസികതയും നിഗൂഢതയും ഫാന്റസിയും എമിറാത്തി പൈതൃകവുമായി കൂട്ടിയിണക്കുന്ന നോവലിനെക്കുറിച്ച് നവംബർ എട്ടിന് നടന്ന സംവാദത്തിൽ ചരിത്രവും ഭാവനയും എങ്ങനെ സമന്വയിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. കാലത്തിലൂടെയുള്ള യാത്രയ്ക്ക് പ്രചോദനമായ പ്രകൃതിദത്ത മുത്തിന്റെ യഥാർഥ കഥയും ചർച്ചയായി.
ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പുറത്തിറക്കിയ ‘ഫ്രണ്ട്സ് ഓഫ് ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റി’ പുസ്തക പരമ്പരയെ പരിചയപ്പെടുത്തുന്ന പരിപാടികളും കലിമാത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മറിയം അൽ ജമാൽ നവംബർ ഒൻപതിനും നൂറ അൽ ഖൗരി നവംബർ പത്തിനും പരമ്പര അവതരിപ്പിച്ചു. നവംബർ 12ന് നാദിയ അൽ നജ്ജാറിന്റെ പുസ്തകാവതരണവും നടക്കും. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും എഴുത്തുകാരുമായി നേരിട്ട് സംവദിക്കുന്നതിനും സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





