13
Nov 2026
Fri
13 Nov 2026 Fri

സ്ത്രീകൾ എഴുതുന്ന സാഹിത്യകൃതികളെ ‘വിമൻസ് ഫിക്ഷൻ’, ‘ചിക്ക് ലിറ്റ്’ തുടങ്ങിയ വിഭാഗങ്ങളിൽ ഒതുക്കുന്നത് സാഹിത്യത്തെ പരിമിതമായ ചട്ടക്കൂടിൽ തളച്ചിടുന്നതാണെന്ന് എഴുത്തുകാർ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ചർച്ചയിലാണ് പ്രസാധനരംഗത്ത് സ്ത്രീ എഴുത്തുകാർ നേരിടുന്ന വേർതിരിവുകളും തെറ്റായ വർഗീകരണങ്ങളും ചർച്ചയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ആരാണ് എഴുതിയത് എന്നത് പ്രധാനമാണോ?’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഫിലിപ്പൈൻ എഴുത്തുകാരി ക്ലെയർ ബെറ്റിറ്റ ഡി ഗുസ്മാൻ, ലെബനീസ് എഴുത്തുകാരിയും ഗവേഷകയുമായ ഇമാൻ ഹുമൈദാൻ, അമേരിക്കൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഹഫ്സ ലോദി, ഇറാഖി എഴുത്തുകാരൻ അസ്ഹർ ജിർജിസ് എന്നിവർ പങ്കെടുത്തു. ഡാനിയേല ടുള്ളിയായിരുന്നു മോഡറേറ്റർ.

സ്ത്രീകൾ എഴുതുന്ന പുസ്തകങ്ങളുടെ പുറംചട്ടകളും അവതരണവും പലപ്പോഴും ‘വനിതാ സാഹിത്യം’ എന്ന പ്രത്യേക വിഭാഗത്തിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കുന്നതെന്ന് പാനൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ പുരുഷ എഴുത്തുകാരുടെ കൃതികൾക്ക് അനുയോജ്യമായ ഏത് സാഹിത്യവിഭാഗത്തിലും ഇടം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു.

‘നോ ബോയ്ഫ്രണ്ട് സിന്‍സ് ബര്‍ത്ത്’, ‘സഡൻ സൂപ്പർസ്റ്റാർ’ തുടങ്ങിയ കൃതികളുടെ രചയിതാവായ ക്ലെയർ ബെറ്റിറ്റ ഡി ഗുസ്മാൻ തന്റെ ആദ്യ നോവലിന് ഫിലിപ്പൈൻ വായനക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും ഗൗരവമുള്ള സാഹിത്യമായി അതിനെ പരിഗണിച്ചില്ലെന്ന് പറഞ്ഞു. പുസ്തകത്തെ ‘ലഘുവായ വായന’യെന്നും ‘പെൺകുട്ടികൾക്കു മാത്രമുള്ളത്’ എന്നുമൊക്കെ വിശേഷിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ തന്റെ പുസ്തകം പ്രചോദനമായെന്ന് അറിയിച്ച നിരവധി വായനക്കാരുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

വിവർത്തനം ചെയ്യപ്പെടുന്ന കൃതികൾക്ക് അന്താരാഷ്ട്ര തലത്തിൽ ചിലപ്പോൾ യഥാർഥ അർഥവും സത്തയും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇമാൻ ഹുമൈദാൻ ചൂണ്ടിക്കാട്ടി. സ്ത്രീകൾ എഴുതുന്ന ചരിത്രനോവലുകൾ പോലും പലപ്പോഴും ‘വിമൻസ് ഫിക്ഷൻ’ എന്ന വിഭാഗത്തിൽ ഒതുക്കപ്പെടുന്നത് അവയുടെ ഉള്ളടക്കത്തിലെ വൈവിധ്യവും ആഴവും തിരിച്ചറിയുന്നതിന് തടസ്സമാകുന്നുണ്ടെന്നും അവർ പറഞ്ഞു. എഴുത്തുകാരിയുടെ വ്യക്തിജീവിതവും കഥാപാത്രങ്ങളും തമ്മിലുള്ള സാമ്യം തേടിയുള്ള ചോദ്യങ്ങൾ പലപ്പോഴും കൃതിയേക്കാൾ എഴുത്തുകാരിയുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നുകയറ്റമായി അനുഭവപ്പെടുന്നുണ്ടെന്ന് ഹഫ്സ ലോദിയും അഭിപ്രായപ്പെട്ടു.

പുസ്തകങ്ങളെ വിലയിരുത്തേണ്ടത് എഴുത്തുകാരന്റെ ലിംഗത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കൃതിയുടെ ഗുണനിലവാരം, ആശയങ്ങൾ, പ്രമേയം, കലാമൂല്യം എന്നിവ പരിഗണിച്ചായിരിക്കണമെന്നും ഇറാഖി എഴുത്തുകാരൻ അസ്ഹർ ജിർജിസ് പറഞ്ഞു. സാഹിത്യകൃതികളെ ലിംഗത്തിന്റെ പേരിൽ പ്രത്യേക വിഭാഗങ്ങളിൽ ഒതുക്കാതെ അവയുടെ ഉള്ളടക്കത്തിനും മികവിനും അർഹമായ പരിഗണന നൽകണമെന്ന സന്ദേശത്തോടെയാണ് ചർച്ച അവസാനിച്ചത്.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് 45-ാമത് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ‘കഥകൾകൊണ്ട് നിർമ്മിച്ചത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ അതിഥി ആദരവായി ഒമാൻ സുൽത്താനേറ്റിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക