ആധികാരികമായ കഥപറച്ചിൽ മനുഷ്യരെ പരസ്പരം അടുപ്പിക്കുകയും ഒരുമയുടെയും പങ്കുവയ്ക്കപ്പെട്ട സ്വത്വത്തിന്റെയും ബോധം സൃഷ്ടിക്കുകയും ചെയ്യുമെന്ന് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോർദാനിയൻ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ജോയ് ഇബ്രഹേം. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘എവരിതിങ് സ്റ്റാർട്ട്സ് വിത്ത് എ സ്റ്റോറി’ എന്ന വിഷയത്തിൽ നടന്ന സെഷനിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ 44 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ജോയ് ഫാഷൻ, സൗന്ദര്യം, മനുഷ്യജീവിതത്തിലെ അനുഭവങ്ങൾ, സിനിമാറ്റിക് കഥപറച്ചിൽ തുടങ്ങിയ മേഖലകളിലാണ് ഉള്ളടക്കങ്ങൾ ഒരുക്കുന്നത്.
|
ആകർഷകമായ കഥാപാത്രങ്ങളും യാഥാർഥ്യത്തോട് ചേർന്ന കഥകളും പ്രേക്ഷകരുമായി വൈകാരിക ബന്ധം സൃഷ്ടിക്കുമെന്ന് അവർ വിശദീകരിച്ചു. സ്വന്തം കഥകൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർ തുടക്കത്തിൽ തന്നെ പിന്മാറരുതെന്നും തങ്ങളുടെ ഉള്ളടക്കത്തിനും ലക്ഷ്യപ്രേക്ഷകർക്കും അനുയോജ്യമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കണമെന്നും നിർദേശിച്ചു. സ്വന്തം അനുഭവങ്ങൾ തുറന്നുപറയുമ്പോൾ ഭയപ്പെടുകയോ ലജ്ജിക്കുകയോ വേണ്ടെന്നും ആധികാരികതയാണ് നല്ല കഥകളുടെ അടിസ്ഥാനമെന്നും അവർ പറഞ്ഞു.
ഫോളോവേഴ്‌സിന്റെയും ഓൺലൈൻ പ്രതികരണങ്ങളുടെയും എണ്ണം മാത്രം നോക്കി ഉള്ളടക്കത്തിന്റെ മൂല്യം വിലയിരുത്തരുതെന്നും ജോയ് ഓർമിപ്പിച്ചു. കണക്കുകൾക്ക് പിന്നാലെ പോകുന്നത് വ്യക്തിത്വവും തനതായ ശൈലിയും നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും അഭിപ്രായപ്പെട്ടു. ഭാവിയിൽ സിനിമാ സംവിധാനത്തിലേക്ക് കടക്കാനും മിഡിൽ ഈസ്റ്റിലെ പ്രമുഖ സംവിധായകരിലൊരാളാകാനുമാണ് ആഗ്രഹമെന്നും അവർ വെളിപ്പെടുത്തി. സ്വന്തം ആശയങ്ങളിൽ വിശ്വാസമർപ്പിച്ച് ലക്ഷ്യങ്ങൾക്കായി തുടർച്ചയായി പരിശ്രമിക്കണമെന്നും വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്നും പുതുതലമുറയിലെ കണ്ടന്റ് ക്രിയേറ്റർമാരോട് അവർ ആഹ്വാനം ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





