എഐ കണ്ടന്റ് ക്രിയേറ്ററും അധ്യാപികയുമായ കോസ്മിന പോപ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തമായി ഡിജിറ്റൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അവതരിപ്പിച്ചു. സോഷ്യൽ മീഡിയ സ്റ്റേഷനിൽ സംഘടിപ്പിച്ച സംവേദനാത്മക പരിശീലനത്തിൽ ആശയം രൂപപ്പെടുത്തുന്നത് മുതൽ കഥാപാത്രത്തിന്റെ ചിത്രം തയ്യാറാക്കുന്നതും 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സൃഷ്ടിക്കുന്നതും വരെ വിശദീകരിച്ചു. പ്രേക്ഷകരുടെ നിർദേശങ്ങൾക്കനുസരിച്ച് ചൈനീസ് യോദ്ധാവായ രാജകുമാരിയുടെ കഥാപാത്രമാണ് പരിശീലനത്തിൽ സൃഷ്ടിച്ചത്.
|
എഐ ഉപയോഗിച്ച് മികച്ച ഉള്ളടക്കം സൃഷ്ടിക്കാൻ നിർദേശങ്ങൾ നൽകുന്നതു മാത്രം പോരെന്നും അതിനു പിന്നിൽ മനുഷ്യന്റെ സർഗാത്മകതയും ഇടപെടലും ആവശ്യമാണെന്നും കോസ്മിന പറഞ്ഞു. കഥാപാത്രത്തിന്റെ മുഖവും രൂപവും വ്യത്യസ്ത വീഡിയോകളിലും ഒരുപോലെ നിലനിർത്താൻ വ്യക്തമായ റഫറൻസ് ചിത്രം സഹായിക്കും. റൊമാനിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന കോസ്മിന നേരത്തെ ആഭരണ വിൽപ്പന മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. എഐ ഉപയോഗിച്ച് എലിസബത്ത് രാജ്ഞിയുടെ ചരിത്രകഥാപാത്രത്തെ അവതരിപ്പിച്ച അവരുടെ ആദ്യ വീഡിയോ ഒരാഴ്ചയ്ക്കുള്ളിൽ ആറു ദശലക്ഷം കാഴ്ചകൾ നേടി. ഒക്ടോബറിൽ ആരംഭിച്ച അക്കൗണ്ടിന് പരിശീലനസമയത്ത് അഞ്ചു ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്നു.
എഐ സാങ്കേതികവിദ്യയ്ക്കൊപ്പം നർമ്മവും വ്യക്തിത്വവും മനുഷ്യസഹജമായ ചെറിയ നിരീക്ഷണങ്ങളും ചേർക്കുമ്പോഴാണ് വീഡിയോകൾ കൂടുതൽ ആകർഷകമാകുന്നതെന്നും അവർ പറഞ്ഞു. ചരിത്രത്തെക്കുറിച്ച് പ്രേക്ഷകരെ പഠിപ്പിക്കുന്നതിനാണ് തന്റെ കഥാപാത്രങ്ങളിലൂടെ ശ്രമിക്കുന്നതെന്നും കോസ്മിന വ്യക്തമാക്കി. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. 17 ലക്ഷത്തിലധികം പുസ്തകങ്ങളും 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





