യുഎഇ സാംസ്കാരിക മന്ത്രാലയം അണ്ടർസെക്രട്ടറി മുബാറക് അൽ നഖിയും യുഎഇയിലെ ചൈനീസ് അംബാസഡർ സെങ് ജിസിനും 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജ പബ്ലിഷിങ് സസ്റ്റെയിനബിലിറ്റി ഫണ്ടിന്റെ (ഒൺഷുർ) പവലിയൻ സന്ദർശിച്ചു. പ്രസാധന സ്ഥാപനങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകി അവരുടെ ബിസിനസ് വളർച്ച ഉറപ്പാക്കുന്നതിനും പ്രസാധന മേഖലയുടെ ദീർഘകാല സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫണ്ട് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു.
|
ഷാർജ ബുക്ക് അതോറിറ്റിയിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആൻഡ് ഗ്ലോബൽ മാർക്കറ്റ്സ് ഡയറക്ടർ ഇമാൻ ബെൻ ഷൈബയാണ് അതിഥികളെ സ്വീകരിച്ചത്. ഫണ്ടിന്റെ ലോഞ്ച്, സ്കെയിൽ, ഡിസ്റപ്റ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലൂടെ പുതിയ പ്രസാധകർക്ക് മേഖലയിലേക്ക് കടന്നുവരാനും നിലവിലുള്ള സ്ഥാപനങ്ങൾക്ക് വിദേശ വിപണികളിലേക്ക് വളരാനും പ്രസാധന രംഗത്ത് നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികൾക്ക് പിന്തുണ ലഭിക്കാനും അവസരമൊരുക്കുന്നു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് ഫണ്ട് സ്ഥാപിച്ചത്.
2026-ൽ ലോഞ്ച് വിഭാഗത്തിലൂടെ പ്രസാധന, സാംസ്കാരിക മേഖലകളിലെ 16 പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതായും ഡിസ്റപ്റ്റ് വിഭാഗത്തിലെ വിജയിയായ ക്ലൂബ്രിൽ (KlooBR) ഫണ്ട് തന്ത്രപ്രധാന നിക്ഷേപം നടത്തിയതായും ഇമാൻ ബെൻ ഷൈബ അറിയിച്ചു. പ്രസാധന മേഖലയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്ന ക്ലൂബ്രിന്റെ പ്രവർത്തനങ്ങളും പവലിയനിൽ പരിചയപ്പെടുത്തി. ഫണ്ടിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കുന്ന പ്രസാധകർക്ക് പിന്തുണ നൽകുന്നതിനും ക്ലൂബ്രുമായി സഹകരിച്ച് നൂതന സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സാധ്യതകൾ പരിശോധിക്കുമെന്ന് മുബാറക് അൽ നഖി വ്യക്തമാക്കി. ഫണ്ടിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിൽ ഇത്തരം സന്ദർശനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇമാൻ ബെൻ ഷൈബയും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





