എഴുത്തുകാർ നിലവിലുള്ള ലോകത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ചിന്തിക്കുകയും ഭാവനയിലൂടെ യാഥാർഥ്യത്തെ ചോദ്യം ചെയ്യുകയും വേണമെന്ന് എമിറാത്തി നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫാത്തിയ അൽ നിമർ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘നോവലുകൾ ഉയർത്തുന്ന ചോദ്യങ്ങളും അവയുടെ അർഥങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. യാഥാർഥ്യവും ഭാവനയും സമന്വയിപ്പിച്ചാണ് തന്റെ രചനകളെന്ന് അവർ പറഞ്ഞു. സാഹിത്യ നിരൂപക ഡോ. അബീർ അൽ ഹൊസാനിയും ചർച്ചയിൽ പങ്കെടുത്തു.
|
യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട കഥകളിലും ഭാവനയ്ക്ക് പ്രധാന സ്ഥാനമുണ്ടാകണം. യാഥാർഥ്യം പകർത്തുന്ന ക്യാമറ മാത്രമാകരുത് എഴുത്തുകാരൻ. നിലവിലില്ലാത്ത കാര്യങ്ങളെക്കുറിച്ചും എഴുതുകയും അവ എന്തുകൊണ്ട് സംഭവിക്കുന്നില്ലെന്ന് ചോദിക്കുകയും അവ യാഥാർഥ്യമാക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയും വേണമെന്നും ഫാത്തിയ പറഞ്ഞു. സ്വപ്നങ്ങളും പ്രതീകങ്ങളും ഭാവനാത്മകമായ ആഖ്യാനരീതികളും ഉപയോഗിച്ച് ജീവിതാനുഭവങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് തന്റെ രചനാരീതിയെന്നും അവർ വ്യക്തമാക്കി.
ഫാത്തിയയുടെ പുതിയ ചെറുകഥാസമാഹാരത്തിലെ ‘ദ ട്രീ ആൻഡ് ദ മാൻ വിത്ത് ദ ലോങ് ഷാഡോ’ എന്ന കഥയും ചർച്ചയിൽ പരാമർശിക്കപ്പെട്ടു. സ്വപ്നസമാനമായ അനുഭവത്തിലൂടെ മരിച്ചുപോയ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ കഥയിലൂടെ നഷ്ടം, ഓർമകൾ, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. മനുഷ്യരുടെ പെരുമാറ്റം, കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ, മാനസിക സംഘർഷങ്ങൾ എന്നിവയും കഥകളിൽ പ്രധാന വിഷയങ്ങളാണെന്ന് ഡോ. അബീർ അൽ ഹൊസാനി വിലയിരുത്തി. മാനസികാരോഗ്യം, ഭീഷണിപ്പെടുത്തൽ, ഭിന്നശേഷി, പെൺകുട്ടികളോടുള്ള വിവേചനം, കുടുംബങ്ങളിലെ അനീതി തുടങ്ങിയ സാമൂഹിക വിഷയങ്ങളും രചനകളിൽ പ്രതിപാദിക്കുന്നുണ്ട്.
എമിറാത്തി സാമൂഹികജീവിതത്തിലെ കുടുംബസംഗമങ്ങൾ, ദുഃഖാചരണ ചടങ്ങുകൾ, പ്രാദേശിക പ്രയോഗങ്ങൾ, ദൈനംദിന ജീവിതസാഹചര്യങ്ങൾ എന്നിവ കഥകൾക്ക് തനിമ നൽകുന്നുവെന്നും നിരൂപക ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളിൽനിന്ന് കഥ ആരംഭിച്ച് മുൻകാല സംഭവങ്ങളിലൂടെ കഥാപാത്രങ്ങളുടെ ജീവിതസാഹചര്യങ്ങൾ വിശദീകരിക്കുന്ന ആഖ്യാനരീതിയും അപ്രതീക്ഷിതമായ അവസാനങ്ങളും വായനക്കാരെ ചിന്തിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയുടെ പ്രമേയം ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്നാണ്. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





