14
Nov 2026
Sat
14 Nov 2026 Sat
Two Arrested including instagram influencer Meenakshi in Madurai Tanishq Gold Heist

തമിഴ്‌നാട്ടിലെ മധുര പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറിയിൽ 15 കിലോയിലേറെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ പിതാവ് സുരേഷ്, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചയ്ക്ക് പിന്നിലെ മുഖ്യപ്രതിയായ നിശാന്തിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്. കവർച്ചയ്ക്ക് മുന്നോടിയായി ഇയാൾ ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ജ്വല്ലറിയിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നതെങ്കിലും മൂന്ന് സന്ദർശനങ്ങളിലും ഒരേ തൊപ്പി ഉപയോഗിച്ചതും അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടു.

നവംബർ അഞ്ചിന് പുലർച്ചെ നിശാന്ത് ജ്വല്ലറിയിലെത്തിയതും പൊലീസ് പരിശോധിക്കുന്നുണ്ട്. കവർച്ചയ്ക്ക് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ ഈ സന്ദർശനമെന്നാണ് സംശയം. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾക്കും നഗരത്തിലെ വിവിധ റോഡുകളിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾക്കും പിന്നാലെയാണ് അന്വേഷണസംഘം നിശാന്തിനെ തിരിച്ചറിഞ്ഞത്.

പ്രതിയുടെ വീടുൾപ്പെടെ പൊലീസ് പരിശോധിച്ചെങ്കിലും മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്താനായിട്ടില്ല. കവർച്ചക്കാരനെ പിടികൂടാൻ ഒമ്പത് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നേരത്തെ നിയോഗിച്ചിരുന്നത്. അറസ്റ്റിലായ രണ്ടുപേർക്ക് കവർച്ചയിൽ എന്ത് പങ്കാണുള്ളതെന്നും സ്വർണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക