ലഖ്‌നോ: മനുഷ്യത്വരഹിതമായ ശബ്ദമലിനീകരണത്തിന് ഇരയായി ഉത്തര്‍പ്രദേശില്‍ 20 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം. ബല്ലിയ ജില്ലയിലെ മണിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുദിയാരി ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.
|
ലക്ഷ്മി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നില്‍ ട്രക്ക് നിര്‍ത്തിയിട്ട് അമിത ശബ്ദത്തില്‍ ഡിജെ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന പെണ്‍കുഞ്ഞ് ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു.
വീടിന് മുന്നില്‍ നിര്‍ത്തിയിട്ട് ആഘോഷം
പ്രസവശേഷം സ്വന്തം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന റീമ ദേവിയുടെ (റീമ ഷാ) 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച കുഞ്ഞ് അമ്മയ്‌ക്കൊപ്പം വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രാമത്തിലൂടെ ഡിജെ സംവിധാനം ഘടിപ്പിച്ച ട്രക്കുമായി വിഗ്രഹ നിമജ്ജന ഘോഷയാത്ര കടന്നുപോയത്.
ഉഗ്രശബ്ദത്തോടെയുള്ള ഡിജെ വാഹനം വീടിന് സമീപമെത്തിയപ്പോള്‍ തന്നെ, വീട്ടില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും വാഹനം മുന്നോട്ട് നീക്കണമെന്നും റീമയും ബന്ധുക്കളും ഘോഷയാത്രക്കാരോട് കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവരുടെ അപേക്ഷ ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന സംഘം, വാഹനം വീടിന് മുന്നില്‍ തന്നെ നിര്‍ത്തിയിട്ട് ശബ്ദം വീണ്ടും കൂട്ടി പാട്ടുകള്‍ വെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ഭൂമി കുലുങ്ങുന്ന തരത്തിലുള്ള ഉഗ്രശബ്ദം കേട്ട് കുഞ്ഞ് ഞെട്ടിയുണരുകയും നിമിഷങ്ങള്‍ക്കകം നിശ്ചലമാകുകയുമായിരുന്നു. കുഞ്ഞ് കരയുന്നില്ലെന്ന് മനസ്സിലാക്കിയ അമ്മ വീട്ടുകാരെ വിവരമറിയിച്ചു. ഉടന്‍ തന്നെ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും, കുഞ്ഞ് നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഉച്ചത്തിലുള്ള ശബ്ദത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
ഡിജെ ഉപകരണങ്ങള്‍ പിടിച്ചെടുത്തു
കുഞ്ഞിന്റെ മരണത്തിന് പിന്നാലെ കുടുംബം നല്‍കിയ പരാതിയില്‍ മണിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘സംഭവത്തില്‍ കുടുംബത്തിന്റെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 207 പ്രകാരം ഡിജെ ഉപകരണങ്ങളും വാഹനവും പൊലീസ് പിടിച്ചെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും,’ ജയ് ശങ്കര്‍ മിശ്ര (ബന്‍സ്ദിഹ് സര്‍ക്കിള്‍ ഓഫീസര്‍ / ഡെപ്യൂട്ടി എസ്.പി).
ആഘോഷങ്ങളുടെ പേരില്‍ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന ഡിജെ സംവിധാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം സംഭവത്തിന് പിന്നാലെ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
Tags: Ballia Newborn Death, Uttar Pradesh News, DJ Noise Pollution, Infant Cardiac Arrest, Maniyar Police Station, National News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



