അബുദാബി: യുഎഇയിലെ അമുസ്ലിം ആരാധനാലയങ്ങളുടെ (Non-Muslim Places of Worship) പ്രവർത്തനവും സാമ്പത്തിക ഇടപാടുകളും സുതാര്യമാക്കുന്നതിനായി നിയമങ്ങളും ശിക്ഷാനടപടികളും കടുപ്പിച്ച് യുഎഇ കാബിനറ്റ്. 2023-ലെ ഫെഡറൽ നിയമത്തിന്റെ (Federal Law No. 9 of 2023) എക്സിക്യൂട്ടീവ് റെഗുലേഷൻ പ്രകാരം 24 വിഭാഗം നിയമലംഘനങ്ങൾക്കാണ് ഭരണപരമായ പിഴകളും ശിക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. 2026 ഒക്ടോബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടപ്രകാരം, നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴയും പ്രവർത്തനവിലക്കും നേരിടേണ്ടിവരും.
|
വിദേശ ഫണ്ടിംഗും വിദേശ സംഘടനകളുമായുള്ള അനധികൃത ബന്ധങ്ങളുമാണ് ഏറ്റവും ഉയർന്ന പിഴ ലഭിക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ളത്.
കെട്ടിടത്തിന് പുറത്തുള്ള ചടങ്ങുകൾക്കും സെമിനാറുകൾക്കും കർശന നിയന്ത്രണം
പുറത്തുള്ള മതപരമായ ചടങ്ങുകൾ: അനുമതി ലഭിച്ച കെട്ടിടത്തിനോ നിശ്ചിത പരിസരത്തിനോ പുറത്ത് മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിച്ചാൽ ആദ്യ ലംഘനത്തിന് ഒരു ലക്ഷം ദിർഹം പിഴയും, രണ്ടാം തവണ ആവർത്തിച്ചാൽ മൂന്ന് മാസം വരെ പ്രവർത്തനവിലക്കും നേരിടേണ്ടിവരും.
സെമിനാറുകളും ഒത്തുകൂടലുകളും: ആരാധനാലയത്തിനുള്ളിൽ അനുവദനീയമായ പരിധിയിൽ കവിഞ്ഞോ മുൻകൂർ അനുമതിയില്ലാതെയോ കോൺഫറൻസുകൾ, സെമിനാറുകൾ, മറ്റ് ഒത്തുകൂടലുകൾ എന്നിവ സംഘടിപ്പിച്ചാൽ ആദ്യ തവണ താക്കീതും, തുടർന്ന് 15,000 ദിർഹം, 30,000 ദിർഹം എന്നിങ്ങനെയും പിഴ ഈടാക്കും.
ആരാധനാലയങ്ങളുടെ ദൈനംദിന ഭരണത്തിലും സാമ്പത്തിക ഇടപാടുകളിലും താഴെ പറയുന്ന വീഴ്ചകൾ വരുത്തിയാലും നടപടിയുണ്ടാകും:
ദേശീയ ബാങ്ക് അക്കൗണ്ട് നിർബന്ധം: എല്ലാ ആരാധനാലയങ്ങളും യുഎഇയിലെ ദേശീയ ബാങ്കിൽ (UAE National Bank) അക്കൗണ്ട് തുറക്കണം. ലഭിക്കുന്ന പണം അംഗീകൃത അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് മുൻപ് ചെലവഴിക്കുകയോ, അംഗീകൃത ലക്ഷ്യങ്ങൾക്കല്ലാതെ ഫണ്ട് വിനിയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
വാർഷിക കണക്കുകൾ: സാമ്പത്തിക വർഷം അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ വാർഷിക ബജറ്റും സാമ്പത്തിക കണക്കുകളും അധികൃതർക്ക് സമർപ്പിക്കണം. കണക്കുകളും പ്രവർത്തന രേഖകളും കൃത്യമായി സൂക്ഷിക്കാത്തവർക്ക് പിഴ ലഭിക്കും.
ഭരണസമിതിയും ലൈസൻസും: ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുക, കൗൺസിൽ നിയോഗിക്കുന്ന മേൽനോട്ട ചുമതലയുള്ള വ്യക്തി (Supervisor) ഇല്ലാതെ പ്രവർത്തിക്കുക, വാർഷിക യോഗം ചേരാതിരിക്കുക, മുൻകൂർ അനുമതിയില്ലാതെ ഭരണസമിതിയിൽ മാറ്റം വരുത്തുക, പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുക എന്നിവയ്ക്കും 5,000 ദിർഹം മുതൽ 2.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക


