തിരുവനന്തപുരം: ആർഎസ്എസ് നേതാവ് മണ്ണന്തല രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി അമ്പലമുക്ക് സ്വദേശി കൃഷ്ണകുമാറിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
|
കേസിൽ 12 പ്രതികളാണുള്ളത്. ഇതിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി വെള്ളി നാരായണൻ വിചാരണ നേരിട്ടിട്ടില്ല. ഇയാൾ ഒഴികെയുള്ള 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. എല്ലാ പ്രതികൾക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സുധാകാന്ത് വ്യക്തമാക്കിയിരുന്നു.
2008 ഒക്ടോബർ 17നാണ് മണ്ണന്തല കോട്ടമുകളിൽ വെച്ച് രഞ്ജിത്തിനെ സംഘം ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സിപിഎം പ്രവർത്തകനായ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രഞ്ജിത്ത്. ഈ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന പാൽക്കുളങ്ങര സ്വദേശി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
അമ്പലമുക്ക് കൃഷ്ണകുമാർ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കരസുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ്, ഹരിപ്രസാദ്, അജികുമാർ, രഞ്ജിത്ത് കുമാർ, കരാട്ടെ സുരേഷ് എന്ന സുരേഷ് എന്നിവരാണ് കേസിലെ കുറ്റക്കാരായ മറ്റ് പ്രതികൾ.
ശിക്ഷാവിധിക്ക് പിന്നാലെ പ്രതികളെ കോടതിക്ക് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇതോടെ ബിജെപി, സിപിഎം പ്രവർത്തകർ തമ്മിൽ കോടതി പരിസരത്ത് സംഘർഷമുണ്ടായി. അരമണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




