16
Nov 2026
Mon
16 Nov 2026 Mon
police officer kidnapped by bike riders then they murdered him

പഞ്ചാബിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ട് പേർ മോട്ടോർ സൈക്കിളിലെത്തി വിനോദ് കുമാറിനെ ബലമായി തങ്ങളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗുരുദാസ്പുർ ജില്ലയിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖംമൂടി ധരിച്ച രണ്ടുപേർ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ ശേഷം വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയയുടെ ആരോപണം. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ ഷഹ്‌സാദ് ഭട്ടിയാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്നാണ് വിവരം.

വിനോദ് കുമാറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കും സുരക്ഷാസേനകൾക്കും നേരെ ഭീഷണിയും പോസ്റ്ററിലുണ്ട്. ‘തെരുവുകളിൽ കുറച്ച് പേരെ കൊല്ലും, വീടുകൾക്കുള്ളിൽ കൂടുതൽ പേരെ കൊല്ലും’ എന്നാണ് ഭീഷണി. എന്നാൽ പോസ്റ്ററിന്റെ ആധികാരികതയോ സംഘടനയുടെ അവകാശവാദമോ പഞ്ചാബ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ സെപ്റ്റംബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഷഹ്‌സാദ് ഭട്ടിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

42കാരനായ വിനോദ് കുമാറിന്റെ മൃതദേഹം ഗുരുദാസ്പുരിലെ മാൻകൗർ ബൈപാസിന് സമീപമാണ് കണ്ടെത്തിയത്. തലയിൽ പരിക്കുകളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ ടെക്നിക്കൽ സർവീസസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സുജൻപുർ പൊലീസ് സ്റ്റേഷനിലെ വയർലെസ് ഓപ്പറേറ്ററായിരുന്നു. കൃഷ്ണ നഗർ സ്വദേശിയായ വിനോദ് പരിശീലനത്തിനായി സാംഗ്രൂരിൽ പോയി മടങ്ങുകയായിരുന്നു.

ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈപാസ് ഭാഗത്തുനിന്ന് കൂട്ടിക്കൊണ്ടുപോകാൻ സഹോദരനോട് വിനോദ് ആവശ്യപ്പെട്ടിരുന്നു. സഹോദരൻ ബസ് സ്റ്റാൻഡിലെത്തിയെങ്കിലും വിനോദിനെ കണ്ടെത്താനായില്ല. പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങൾ പ്രദേശത്തും ബസുകളിലുമെല്ലാം തിരച്ചിൽ നടത്തി. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് ബൈപാസിന് സമീപം മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നതിനിടെയാണ് വിനോദ് കുമാറിന്റെ കൊലപാതകം. ഈ വർഷം ഇതുവരെ ഹോം ഗാർഡ് ഉൾപ്പെടെ അഞ്ച് പൊലീസുകാർ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒക്ടോബറിൽ തർൺ തരൺ ജില്ലയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇഖ്ബാൽ സിങ്ങും അമൃത്സറിൽ സർക്കാർ റെയിൽവേ പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുഖ്‌ചെയിൻ സിങ്ങും ആക്രമിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 18ന് അമൃത്സറിലെ ഗേറ്റ് ഹക്കിമ മേഖലയിൽ രാത്രി ഡ്യൂട്ടിക്കിടെ എഎസ്ഐ ഹർജിത് സിങ്ങും വെടിയേറ്റ് മരിച്ചിരുന്നു.

ALSO READ: കാത്തിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല;യുവതി തനിയെ മുതലയെ പിടിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക