കാനഡയിൽ ഇന്ത്യൻ വംശജരായ യുവാവിനെയും കാമുകിയെയും വെടിവച്ചു കൊന്നു. സറേയിലെ വാൾമാർട്ട് സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ആസൂത്രിത ആക്രമണമാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
|
ഡെൽറ്റ സ്വദേശികളായ ഗഗൻപ്രീത് (ഗാരി) റേഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബർ 15 രാത്രി 10.38ഓടെയായിരുന്നു വെടിവെപ്പ്. 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് പാർക്കിങ് സ്ഥലത്ത് വെടിയേറ്റ നിലയിൽ യുവാവിനെയും യുവതിയെയും കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ആദ്യം സറേ പൊലീസ് സർവീസാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) ഏറ്റെടുത്തു. കൊല്ലപ്പെട്ട ഗഗൻപ്രീത് നേരത്തെയും ആയുധവുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ സെർജന്റ് ഫ്രെഡ ഫാങ് പറഞ്ഞു. സുഖ്ജീത് കൗറിന് കാനഡയിൽ പരിമിതമായ പരിചയക്കാരേ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
വെടിവെപ്പിന് പിന്നാലെ മറ്റൊരു സ്ഥലത്ത് കാർ കത്തിച്ച നിലയിൽ കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. രാത്രി 10.51ഓടെ പ്രിൻസസ് ഡ്രൈവിലെ 9700 ബ്ലോക്കിലാണ് വാഹനം കത്തുന്നതായി വിവരം ലഭിച്ചത്. ആക്രമണം നടത്തിയവർ ഉപയോഗിച്ച വാഹനമായിരിക്കാം ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. വെടിവെപ്പും വാഹനത്തിന് തീയിട്ട സംഭവവും തമ്മിലുള്ള ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്.
അതിനിടെ, കൊല്ലപ്പെട്ട ഗഗൻപ്രീതിന്റെ പിതാവ് ദുഃഖം പങ്കുവെച്ച് രംഗത്തെത്തി. സംഭവത്തിന് മിനിറ്റുകൾക്ക് മുമ്പാണ് മകൻ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. സുഖ്ജീത് മകന്റെ കാമുകിയായിരുന്നുവെന്നും സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവറായ താൻ കാൽഗറിയിൽനിന്ന് മടങ്ങുന്നതിനിടെയാണ് വെടിവെപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും ആശുപത്രിയിലെത്തിച്ച മകൻ മരിച്ചതായാണ് പിന്നീട് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മൃതദേഹം എവിടെയാണെന്ന് പോലും പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നും അവസാനമായി ഒരുനോക്ക് കാണാൻ ആഗ്രഹിക്കുന്നതായും പിതാവ് പ്രതികരിച്ചു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സറേ പൊലീസ് സർവീസും IHITയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് പിന്നിലെ കാരണവും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


