20
Nov 2026
Fri
20 Nov 2026 Fri

കർണാടകയിൽ സർക്കാർ പദ്ധതിയായ ഗൃഹലക്ഷ്മിയിലൂടെ ലഭിച്ച പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ 78കാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിൽ 20കാരനും പിതാവും അറസ്റ്റിൽ. ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലാണ് സംഭവം. ഹമ്മവ്വ ബാലപ്പ സനാദി എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. ചെറുമകൻ ഭീമപ്പ രാമപ്പ സനാദിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൃഹലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകളുടെ കുടുംബനാഥയ്ക്ക് പ്രതിമാസം ലഭിക്കുന്ന 2,000 രൂപയിൽ നിന്ന് ബിസിനസ് തുടങ്ങാൻ വിഹിതം നൽകണമെന്ന് ഭീമപ്പ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുത്തശ്ശിയുമായി വർഷങ്ങളായി തർക്കം നിലനിന്നിരുന്നതായും ഇരുവരും സംസാരിക്കാറില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നവംബർ 10ന് പഷ്ചാപൂർ ആഴ്ചച്ചന്തയിലേക്ക് വെള്ളി ആഭരണം വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഭീമപ്പ മുത്തശ്ശിയെ ബൈക്കിൽ കയറ്റി. എന്നാൽ ചന്തയിലേക്ക് പോകുന്നതിന് പകരം അരളിക്കട്ടി ഗ്രാമത്തിലെ ഗാവി സിദ്ധേശ്വര കുന്നിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ആഭരണം വാങ്ങാനായി 2,300 രൂപയും വയോധികയുടെ കൈവശമുണ്ടായിരുന്നു. പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെ ഭീമപ്പ കൈകൊണ്ട് കഴുത്തുഞെരിക്കുകയും പിന്നീട് കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് പിന്നാലെ ആറ് കിലോമീറ്ററോളം അകലെയുള്ള പഷ്ചാപൂരിലെത്തി രണ്ട് ചാക്കുകൾ വാങ്ങി. തിരികെയെത്തി മൃതദേഹം ചാക്കുകളിലാക്കി കല്ലുകൾ നിറച്ച് ഭാരമേറിയതാക്കി. ആദ്യം സമീപത്തെ മരച്ചില്ലകൾക്കിടയിൽ ഒളിപ്പിച്ച മൃതദേഹം രാത്രിയോടെ ബൈക്കിൽ ജിനാരൽ ഗ്രാമത്തിന് സമീപമുള്ള ഹിഡ്കൽ അണക്കെട്ടിന്റെ ജലാശയത്തിലെത്തിച്ച് താഴ്ത്തി. വയോധിക ധരിച്ചിരുന്ന സ്വർണമാലകളും അഴിച്ചെടുത്തതായാണ് പൊലീസ് കണ്ടെത്തൽ.

മുത്തശ്ശിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയപ്പോൾ ഭീമപ്പയും ഒപ്പം ചേർന്നിരുന്നു. അന്വേഷണത്തിനിടെ അവസാനമായി വയോധികയെ കണ്ടവരിൽ ചിലർ ചെറുമകനെയും തിരിച്ചറിഞ്ഞു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനാണ് ഭീമപ്പയുടെ പിതാവ് രാമപ്പ സനാദിയെയും അറസ്റ്റ് ചെയ്തത്. മൃതദേഹം ഉപേക്ഷിച്ച് വീട്ടിലെത്തിയ ശേഷം മകൻ കൊലപാതകവിവരം പിതാവിനോട് പറഞ്ഞിരുന്നു. മകനെ സംരക്ഷിക്കാനാണ് വിവരം മറച്ചുവെച്ചതെന്ന് രാമപ്പ പിന്നീട് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക