കൊച്ചി: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ ആകെ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ മറ്റ് ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 18 പേരെ കോടതി വെറുതെവിട്ടു.
|
ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
അതേസമയം, പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് മൂന്ന് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചത്. ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് ഇതിനുള്ള ക്രമീകരണം. ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിക്കുന്ന പ്രതികളെ നാളെ രാവിലെ കണ്ണൂരിലേക്ക് കൊണ്ടുപോകും.
2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ അരിയിൽ ചുള്ളിയോട് വയലിൽവെച്ച് എംഎസ്എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെയും അന്നത്തെ എംഎൽഎ ടി.വി. രാജേഷിന്റെയും വാഹനവ്യൂഹം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിന് പിന്നാലെയായിരുന്നു കൊലപാതകം. ഇതിന് പ്രതികാരമായാണ് ഷുക്കൂറിനെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയതെന്നാണ് കേസ്.
ആക്രമണത്തിന് പിന്നാലെ ഷുക്കൂറിനെയും മറ്റ് മുസ്ലിം ലീഗ് പ്രവർത്തകരെയും സിപിഎം പ്രവർത്തകർ പിടിച്ചുവെച്ചെന്നും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോൺ വഴി അയച്ചുനൽകി തിരിച്ചറിഞ്ഞ ശേഷമാണ് ആക്രമിച്ചതെന്നുമാണ് പ്രോസിക്യൂഷൻ കേസ്. ആക്രമണത്തിൽ ഷുക്കൂറിനൊപ്പം സക്കറിയ അയ്യൂബിനും മർദനമേറ്റിരുന്നു. ഷുക്കൂർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



