25
Nov 2026
Wed
25 Nov 2026 Wed
Thamarassery Drug Bust Woman Arrested With 11.465 Grams MDMA

താമരശ്ശേരി (കോഴിക്കോട്): സ്വകാര്യ അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മാരക ലഹരിമരുന്ന് വില്‍പ്പന നടത്തിവന്ന യുവതി എക്‌സൈസ് പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മല്‍ വീട്ടില്‍ എ.കെ. സാക്കിറയെയാണ് 11.465 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവില്‍ എക്‌സൈസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സംയുക്ത പരിശോധനയില്‍ കുടുങ്ങി; ഉദ്യോഗസ്ഥയെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം

ചൊവ്വാഴ്ച താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ജെ. സജിന്റെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ കെടവൂര്‍ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.

ഫ്‌ലാറ്റില്‍ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന പുരോഗമിക്കുന്നതിനിടെ പ്രകോപിതയായി അക്രമാസക്തയായ സാക്കിറ, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ എക്‌സൈസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പരിശോധനാ സംഘം ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

എന്‍ഡിപിഎസ് നിയമപ്രകാരം 10 ഗ്രാമിന് മുകളിലുള്ള എംഡിഎംഎ/മെത്താംഫെറ്റമിന്‍ ‘വാണിജ്യ അളവ്’ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. 11.465 ഗ്രാം പിടികൂടിയതോടെ വാണിജ്യ അളവില്‍ ലഹരിമരുന്ന് കൈവശം വെച്ചതിനും, ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

265 ഗ്രാം എംഡിഎംഎ കേസിലടക്കം പ്രതി; ജാമ്യത്തിലിറങ്ങി വീണ്ടും സജീവം

പിടിയിലായ എ.കെ. സാക്കിറ മലബാറിലെ വിവിധ ജില്ലകളിലായി നിരവധി ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മലപ്പുറം കാളികാവ് എക്‌സൈസ് റേഞ്ചില്‍ 265 ഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടിയ വന്‍ ലഹരിക്കേസിലും, വയനാട് കല്‍പ്പറ്റ എക്‌സൈസ് റേഞ്ചില്‍ 3.06 ഗ്രാം മെത്താംഫെറ്റമിന്‍ കൈവശം വെച്ച കേസിലും സാക്കിറ പ്രതിയാണ്.

ഈ കേസുകളില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് താമരശ്ശേരിയില്‍ സ്വകാര്യ അപ്പാര്‍ട്‌മെന്റ് വാടകയ്‌ക്കെടുത്ത് വീണ്ടും വന്‍തോതില്‍ എംഡിഎംഎ വില്‍പ്പന ആരംഭിച്ചത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ പി.സി. മനോജ് കുമാര്‍, എസ്.ബി. അജീബ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ബി. അജീഷ്, ജി. ബൈജു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി.പി. ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിത്തു, പി. അജിത്, സി. അമല്‍ നാഥ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി.എസ്. മഹിത, അഷ്മില ഷെറിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബവിന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന ഉറവിടത്തെക്കുറിച്ചും പ്രാദേശിക കണ്ണികളെക്കുറിച്ചും എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags: Thamarassery Drug Bust, MDMA Seizure Kozhikode, Kerala Excise Raid, Woman Arrested MDMA Kerala, Thiruvambady Drug Case, NDPS Act Commercial Quantity, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക