23
Nov 2026
Mon
23 Nov 2026 Mon
Kalady Sanskrit University 16 Students Suspension Quashed Kerala High Court

മാസങ്ങള്‍ നീണ്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനുമൊടുവില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധികൃതര്‍ക്ക് കനത്ത തിരിച്ചടി. സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ നടപടികളും സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും കേരള ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ഥികളെ ഉടന്‍ ക്യാമ്പസില്‍ പ്രവേശിപ്പിച്ച് റെഗുലര്‍ ക്ലാസുകളില്‍ ഇരുത്താനും, സസ്‌പെന്‍ഷന്‍ മൂലം നഷ്ടമായ പരീക്ഷകള്‍ ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേകമായി നടത്താനും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് പി.എസ്. അര്‍ച്ചന ഉള്‍പ്പെടെയുള്ള 16 വിദ്യാര്‍ഥികള്‍ പുതുക്കി നല്‍കിയ (ഭേദഗതി ചെയ്ത) ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ഹൈക്കോടതി വിധിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

സര്‍വകലാശാലയുടെ അച്ചടക്ക നടപടി ചട്ടങ്ങള്‍ പാലിച്ചല്ലെന്ന വിദ്യാര്‍ഥികളുടെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ ഉത്തരവുകളും കോടതി പൂര്‍ണ്ണമായും റദ്ദാക്കി.

സര്‍വകലാശാലയ്ക്ക് ആവശ്യമെങ്കില്‍ നിയമാനുസൃതമായി പുതിയ അന്വേഷണം നടത്താം. എന്നാല്‍, അന്വേഷണത്തിനിടെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. പുതിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയാണെങ്കില്‍, ഇവര്‍ ഇതിനകം അനുഭവിച്ച സസ്‌പെന്‍ഷന്‍ കാലയളവ് കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സസ്‌പെന്‍ഷന്‍ കാരണം നവംബര്‍ 4-ന് ആരംഭിച്ച പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക പരീക്ഷ നടത്തണം. പുതിയ അന്വേഷണം നടക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് പ്രത്യേക പരീക്ഷ നീട്ടിവെക്കാന്‍ പാടില്ലെന്നും കോടതി കര്‍ശനമായി വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 13-ന് വൈസ് ചാന്‍സലര്‍ക്കെതിരെ ക്യാമ്പസില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സെപ്റ്റംബര്‍ ഒന്നിന് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, സിംഗിള്‍ ബെഞ്ച് ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും സസ്‌പെന്‍ഷന്‍ റദ്ദാക്കിയാല്‍ പ്രത്യേക പരീക്ഷ നടത്താമെന്ന് സര്‍വകലാശാല സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

മാപ്പപേക്ഷ നല്‍കിയാല്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നും നാല് പേരുടെ സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടുമെന്നുമായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ തെറ്റ് ചെയ്യാതെ മാപ്പ് പറയില്ലെന്ന നിലപാടിലുറച്ചുനിന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാല കവാടത്തില്‍ 22 ദിവസമായി നിരാഹാര സമരവും 117 ദിവസമായി പ്രതിഷേധവും നടത്തിവരികയായിരുന്നു. ഹൈക്കോടതി വിധി പുറത്തുവന്നതോടെ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തി.

Tags: Kalady Sanskrit University Suspension, Kerala High Court Verdict, Justice PV Kunhikrishnan, Sree Sankaracharya University of Sanskrit, Kalady Student Protest, Kerala Education News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക