25
Nov 2026
Wed
25 Nov 2026 Wed
Murder Accused s Hand Chopped Off With Machete outside court

കോടതിയിൽ നിയമനടപടികൾക്കായി എത്തിയ കൊലക്കേസ് പ്രതിക്കു നേരെ പട്ടാപ്പകൽ ആക്രമണം. വടിവാളുപയോഗിച്ച് വെട്ടിയശേഷം വെടിയുതിർക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പൂനെയിൽ ആണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മന്ദാർ മറുതി കിവാലെയെ (35) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവാജിനഗർ കോടതി പരിസരത്താണ് സംഭവം. കോടതിയിലെത്തിയ കിവാലെയെ രണ്ടുപേർ ചേർന്ന് വടിവാളുപയോഗിച്ച് തുടർച്ചയായി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമികൾ രണ്ട് സ്കൂട്ടറുകളിലായി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ച കിവാലെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ ഇയാളുടെ ഒരു കൈപ്പത്തി വെട്ടിമാറ്റപ്പെട്ട നിലയിൽ നടപ്പാതയിൽ കിടക്കുന്നതും കാണാം. സംഭവസ്ഥലത്തുനിന്ന് രണ്ട് പിസ്റ്റളുകളും ഒരു മാഗസിനും പൊലീസ് കണ്ടെടുത്തു.

2025ലെ കൊലപാതകക്കേസിലെ പ്രതി

2025 ഏപ്രിലിൽ പൂനെയിലെ സന്തോഷ്‌നഗർ കത്രജിൽ നടന്ന 26കാരനായ റസ്റ്ററന്റ് ഉടമ ശുഭം സുഭാഷ് ചവാന്റെ കൊലപാതകക്കേസിലെ പ്രതിയാണ് കിവാലെ. ഭൂമിയുമായി ബന്ധപ്പെട്ട തർക്കവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

മന്ദാർ കിവാലെയും സംഘവും ചേർന്ന് മരത്തടികളും മുളവടികളും ഉപയോഗിച്ച് ശുഭത്തെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രധാന പ്രതിയായ അമർ സാകോറെയ്ക്കും കൂട്ടാളികളായ ഗിരീഷ് സുഭാഷ് ബാബറെയ്ക്കും യോഗേഷ് ബാബുറാവു ഡോറെയ്ക്കുമൊപ്പം കിവാലെയും അറസ്റ്റിലായിരുന്നു.

നാല് ദിവസം മുമ്പാണ് കിവാലെ ജയിൽ മോചിതനായത്. തുടർന്ന് നിയമനടപടികൾക്കായി കോടതിയിലെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ പൂനെ പൊലീസ് കമ്മീഷണറുമായി സംസാരിച്ച് വിവരങ്ങൾ തേടി.

ALSO READ: എസ്‌ഐആറില്‍ പിതാവിന്റെ പേര് വെട്ടി; ബംഗാളില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു! ‘ബംഗ്ലാദേശിയാണെന്ന് പറഞ്ഞ് മടക്കി’ എന്ന് പിതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക