ഇന്ത്യയിലെ കൗമാരക്കാരിൽ ഏകദേശം മൂന്നിൽ രണ്ടുപേർക്കും വിറ്റാമിൻ ബി12 കുറവുണ്ടെന്ന് ഐസിഎംആറിന്റെ ദേശീയ പഠനം. 10 മുതൽ 19 വയസ്സുവരെയുള്ള ആൺകുട്ടികളിൽ 66.1 ശതമാനത്തിനും പെൺകുട്ടികളിൽ 65.4 ശതമാനത്തിനും വിറ്റാമിൻ ബി12 കുറവുണ്ടെന്നാണ് കണ്ടെത്തൽ. വളർച്ചയെയും നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെയും രക്തകോശങ്ങളുടെ ഉൽപാദനത്തെയും ബാധിക്കാവുന്ന പോഷകക്കുറവാണിത്.
|
2023 മുതൽ 2025 വരെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ നടത്തിയ SAMPADA സർവേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. രാജ്യത്തെ 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 183 ജില്ലകളിൽ നടത്തിയ പഠനത്തിൽ രണ്ട് ലക്ഷത്തിലധികം പേരെ ഉൾപ്പെടുത്തി. 81,000ത്തിലേറെ കുടുംബങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും 1.7 ലക്ഷത്തിലധികം രക്തസാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. രക്തത്തിലെ വിറ്റാമിൻ ബി12 നില 203 pg/mLൽ താഴെയാണെങ്കിൽ കുറവായാണ് കണക്കാക്കിയത്.
മറ്റ് പോഷകക്കുറവുകളെ അപേക്ഷിച്ച് കൗമാരക്കാരിൽ ബി12 കുറവ് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. പെൺകുട്ടികളിൽ 36.3 ശതമാനത്തിന് ഇരുമ്പിന്റെ കുറവും 8.6 ശതമാനത്തിന് ഫോളേറ്റിന്റെ കുറവും കണ്ടെത്തി. ആൺകുട്ടികളിൽ ഇരുമ്പിന്റെ കുറവ് 10 ശതമാനവും ഫോളേറ്റിന്റെ കുറവ് 6.3 ശതമാനവുമാണ്. അതേസമയം, ബി12 കുറവുള്ള എല്ലാവർക്കും വിളർച്ചയുണ്ടാകണമെന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ബി12 ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും ഡിഎൻഎ നിർമ്മാണത്തിനും ആവശ്യമാണ്. ഇതിന്റെ കുറവുണ്ടായാൽ ക്ഷീണം, തളർച്ച, തലകറക്കം, വിളർച്ച, കൈകാലുകളിൽ മരവിപ്പ്, സൂചികുത്തുന്നതുപോലുള്ള അനുഭവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഗുരുതരമായ കുറവ് ഓർമശക്തി, ശ്രദ്ധ, ശരീരത്തിന്റെ സന്തുലിതാവസ്ഥ എന്നിവയെയും ബാധിക്കാം.
കൗമാരക്കാർക്ക് മാത്രമല്ല, ചെറിയ കുട്ടികളിലും ബി12 കുറവ് വ്യാപകമാണെന്ന് സർവേ കണ്ടെത്തി. 12 മുതൽ 59 മാസം വരെയുള്ള കുട്ടികളിൽ 37.3 ശതമാനത്തിനും 5 മുതൽ 9 വയസ്സുവരെയുള്ളവരിൽ 46.5 ശതമാനത്തിനും കുറവുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് കുറവിന്റെ നിരക്ക് വർധിക്കുന്നതായും കണ്ടെത്തി.
മുതിർന്നവരിലും സ്ഥിതി വ്യത്യസ്തമല്ല. 20 മുതൽ 59 വയസ്സുവരെയുള്ള പുരുഷന്മാരിൽ 60.4 ശതമാനത്തിനും ഇതേ പ്രായത്തിലുള്ള ഗർഭിണികളല്ലാത്ത, മുലയൂട്ടാത്ത സ്ത്രീകളിൽ 55.2 ശതമാനത്തിനും ബി12 കുറവുണ്ട്. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ 46.8 ശതമാനത്തിനും സ്ത്രീകളിൽ 41.2 ശതമാനത്തിനും കുറവ് കണ്ടെത്തി.
ഗർഭിണികളിൽ 63.1 ശതമാനത്തിനും മുലയൂട്ടുന്ന അമ്മമാരിൽ 51.8 ശതമാനത്തിനും വിറ്റാമിൻ ബി12 കുറവുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പോഷകക്കുറവ് നേരത്തെ കണ്ടെത്തി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണ് സർവേയുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




