അബുദാബി / കൊച്ചി: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ സഹയാത്രികനെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ യുവാവിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വൈറ്റില സ്വദേശി റോഷന്‍ മാര്‍ട്ടിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്തിലെ യാത്രക്കാരനായ തൃശൂര്‍ അക്കലാട് സ്വദേശി യൂസഫിനാണ് (50) മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ഇന്‍ഡിഗോയുടെ 6E1404 വിമാനം ആകാശത്ത് പറക്കുന്നതിനിടെയാണ് യാത്രക്കാരെ നടുക്കിയ സംഭവമുണ്ടായത്.
|
വിമാനം കൊച്ചിയിലെത്തിയതിന് പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സീറ്റുകള്‍ക്കിടയിലെ വാക്തര്‍ക്കം കയ്യാങ്കളിയിലേക്ക്
എഫ്‌ഐആര്‍ വിവരങ്ങള്‍ പ്രകാരം 30D സീറ്റിലായിരുന്നു റോഷന്‍ മാര്‍ട്ടിന്‍ ഇരുന്നിരുന്നത്. തൊട്ടുമുന്നിലെ നിരയിലായി 31B സീറ്റിലായിരുന്നു യൂസഫ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പെട്ടെന്ന് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
റോഷന്‍ യൂസഫിന്റെ മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് കണ്ണട തകരുകയും വലതുകണ്ണിന്റെ പുറംഭാഗത്തോട് ചേര്‍ന്ന് പരിക്കേല്‍ക്കുകയും ചെയ്തു. മര്‍ദനത്തിനിടെ റോഷന്‍ തന്റെ ബെല്‍റ്റ് അഴിച്ച് യൂസഫിന്റെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി. വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയത്.
വിമാനക്കമ്പനിയുടെ സെക്യൂരിറ്റി അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പൊലീസ് റോഷന്‍ മാര്‍ട്ടിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) 115(2), 118(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മനഃപൂര്‍വ്വം ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതിനുള്ള വകുപ്പാണ് ബിഎന്‍എസ് 115(2); അപകടകരമായ വസ്തുക്കളോ മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുന്നതിനുള്ള വകുപ്പാണ് ബിഎന്‍എസ് 118(1).
ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോ എന്നോ തര്‍ക്കത്തിന്റെ കൃത്യമായ കാരണമെന്താണെന്നോ വ്യക്തമായിട്ടില്ല. പരാതിക്കാരനായ യൂസഫിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ സുരക്ഷയും പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിട്ടുണ്ട്.
Tags: IndiGo Flight Assault Kerala, Abu Dhabi Kochi Flight News, Nedumbassery Airport Police, Roshan Martin Arrested, BNS Section 115 118, Gulf News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





