22
Aug 2022
Mon
22 Aug 2022 Mon

ന്യൂഡൽഹി: ബി.ജെ.പിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മദ്യനയത്തിലും ബാർ ലൈസൻസ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഞങ്ങൾക്കൊപ്പം ചേരുകയാണെങ്കിൽ ഇ.ഡിയെയും സി.ബി.ഐയെയും പേടിക്കേണ്ടതില്ലെന്ന് ബി.ജെ.പിയിൽനിന്ന് സന്ദേശം ലഭിച്ചെന്നാണ് സിസോദിയ പറഞ്ഞത്. സിസോദിയയുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ റെയ്ഡ് നടത്തുകയും കേസിലെ പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേസിൽ സിസോദിയ ഏതുനിമിഷവും അറസ്റ്റ്‌ചെയ്യപ്പെട്ടേക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സിസോദിയ ബി.ജെ.പിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഇ.ഡിയും സി.ബി.ഐയും വരുന്നത് നിൽക്കണോ എങ്കിൽ ബി.ജെ.പിയിൽ ചേരൂവെന്ന് എനിക്ക് കഴിഞ്ഞദിവസം ഒരു സന്ദേശം ലഭിച്ചു. തലപോയാലും ഞാൻ ബി.ജെ.പിയിൽ ചേരില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ എ.എ.പിയെ ലക്ഷ്യംവയ്ക്കുന്നത്. ഞാനിതുവരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടില്ല. അരവിന്ദ് കെജരിവാളിനൊപ്പം ഇനി ഞാൻ ഗുജറാത്തിൽ പോവും. ബി.ജെ.പിക്കെതിരേ പ്രചാരണം നടത്തും. ഡൽഹിയിലും പഞ്ചാബിലും എ.എ.പി നടത്തുന്ന നല്ല പ്രവർത്തനങ്ങൾ നിങ്ങൾ എല്ലാവരും കാണണം. ഗുജറാത്തിലെ ജനങ്ങൾ പോലും ഇത് കണ്ട് ആവേശഭരിതരാണ്. 27 വർഷം കൊണ്ട് ബി.ജെ.പി ഗുജറാത്തിൽ എന്താണ് ചെയ്തത്?- സിസോദിയ ചോദിച്ചു.

സിസോദിയയുടെ ആരോപണത്തെക്കുറിച്ച് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join party to stop ED, CBI raids: Manish Sisodia’s big claim on BJP