23
Sep 2022
Tue
23 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്രസ് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ സംസ്ഥാന പൊലിസ് അറസ്റ്റ്‌ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനം അനന്തമായി നീളുന്നു. കാപ്പന് വെള്ളിയാഴ്ച സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് പുറത്തിറങ്ങാനുള്ള വ്യവസ്ഥകൾ കഠിനമാക്കിയതോടെയാണ് മോചനം നീളുന്നത്. കൂടാതെ ഇ.ഡി കേസും തടസ്സം സൃഷ്ടിക്കുന്നുണ്ട്.

 

തിങ്കളാഴ്ച ലഖ്‌നൗ കോടതിയിൽ കാപ്പനെ ഹാജരാക്കിയപ്പോഴാണ് ഈ വ്യവസ്ഥകൾ മുന്നോട്ടുവച്ചത്. ഒരുലക്ഷം രൂപവീതമുള്ള ബോണ്ടുമായി രണ്ട് യു.പി സ്വദേശികളെ ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. മലയാളിയായ കാപ്പന് യു.പിയിൽ പരിചയക്കാരില്ലെന്നും ജാമ്യക്കാരെ കണ്ടെത്താൻ പ്രയാസമാണെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മോചനം സാധ്യമാക്കാനായി കാപ്പന്റെ കുടുംബം ഉൾപ്പെടെ ലഖ്‌നൗവിൽ എത്തിയിരുന്നു. 

 

കാപ്പനെതിരേ ഇ.ഡി ചുമത്തിയ കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള കേസിലെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി ഇന്ന് പരിഗണിച്ചെങ്കിലും 19ലേക്ക് മാറ്റിവച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി അറിയിച്ചതോടെയാണിത്. കാപ്പനെതിരായ യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം നൽകിയെങ്കിലും ഇ.ഡി കേസിലും ജാമ്യം ലഭിച്ചാൽ മാത്രമെ അദ്ദേഹത്തിന് പുറത്തിറങ്ങാനാവൂ.

 

കേസിൽ കാപ്പനൊപ്പം അറസ്റ്റിലായ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ആലമിന് നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം വൈകുന്നതുമൂലം ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

Journalist Siddique Kappan Will Remain In Jail, Officer Cites Another Case