22
Sep 2022
Thu
22 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിയോട് ഉപമിച്ചും വാഴ്ത്തിയും ഡൽഹിയിലെ പള്ളി ഇമാം. കസ്തൂർബാ ​ഗാന്ധി മാർ​ഗ് പള്ളിയിലെ ഇമാമും ഓൾ ഇന്ത്യാ ഇമാം ഓർഗനൈസേഷൻ മേധാവിയുമായ ഉമർ അഹമ്മദ് ഇല്യാസിയാണ് ആർഎസ്എസ് മേധാവിയെ വാനോളം പുകഴ്ത്തി രം​ഗത്തെത്തിയത്. മോഹൻ ഭാ​ഗവ് രാഷ്ട്രപിതാവ് ആണെന്നാണ് ഇമാമിന്റെ വാദം.

 

താനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ഭാ​ഗവതിനെ കുറിച്ചുള്ള ഇമാമിന്റെ പ്രസ്താവന. “ഇന്ന് എന്റെ ക്ഷണപ്രകാരം മോഹൻ ഭഗവത് ജി സന്ദർശിച്ചു. അദ്ദേഹം രാഷ്ട്ര പിതാവും രാഷ്ട്ര ഋഷിയുമാണ്, അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന് നല്ലൊരു സന്ദേശമാണ് പരക്കുക. ഞങ്ങളുടെ ദൈവാരാധന രീതികൾ വ്യത്യസ്തമാണ്. എന്നാൽ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു“- ഇല്യാസി പ്രതികരിച്ചു.

 

“രാഷ്ട്രപിതാവോ“ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അതെ, അങ്ങനെ തന്നെയാണ്“ എന്നായിരുന്നു ഇല്യാസിയുടെ മറുപടി. രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു മോഹൻ ഭാ​ഗവതിന്റെ ഡൽഹി പള്ളി സന്ദർശനവും ഇമാമുമായുള്ള ചർച്ചയും. പള്ളി കൂടാതെ വടക്കൻ ഡൽഹിയിലെ ആസാദ്പൂരിലുള്ള തജ്‌വീദുല്‍ ഖുർആൻ മദ്രസയും മോഹൻ ഭാ​ഗവത് സന്ദർശിച്ചു.

 

നേരത്തെയും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ഇല്യാസി. രാജ്യത്തെ മുസ്‌ലിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നില്ല എന്നായിരുന്നു സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം പുലർത്തുന്ന ഇമാമിന്റെ വാദം. 2017 ആ​ഗസ്റ്റിലായിരുന്നു ഈ പ്രസ്താവന.

 

അതേസമയം, കൂടിക്കാഴ്ചയെ പുകഴ്ത്തി നേരത്തെ ഇല്യാസിയുടെ സഹോദരൻ രം​ഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന് വളരെ നല്ല സന്ദേശമാണ് നൽകുന്നതെന്നാണ് ഇമാമിന്റെ സഹോദരനായ ഷുഹൈബ് ഇല്യാസി പ്രതികരിച്ചത്. ‘ഒരു കുടുംബത്തെപ്പോലെയാണ് ഞങ്ങൾ സംസാരിച്ചത്. ഞങ്ങളുടെ ക്ഷണം അനുസരിച്ചാണ് അവർ വന്നത്. ‍ഞങ്ങളുടെ പിതാവ് ജമീൽ ഇല്യാസിക്ക് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ മോഹൻ ഭാഗവത് പള്ളിയിൽ എത്തിയിരുന്നു’- ഷുഹൈബ് വ്യക്തമാക്കി.

 

മസ്ജിദിൽ അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് മോഹൻ ഭഗവതും ഇമാമും തമ്മിൽ നടന്നത്. മുതിർന്ന ആർഎസ്എസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കൃഷ്ണ ഗോപാൽ, രാം ലാൽ, ഇന്ദ്രേഷ് കുമാർ എന്നിവരാണ് മോഹൻ ഭാഗവതിനൊപ്പം ഉണ്ടായിരുന്നത്. വിവിധ നേതാക്കളുമായുള്ള തുടർച്ചയായ ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ പറഞ്ഞു.

 

അടുത്തിടെ രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ആർഎസ്എസ് മേധാവി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പങ്കെടുത്തത്.