23
Sep 2022
Tue
23 Sep 2022 Tue

കൊച്ചി: ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ കാസയെ (ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) തള്ളിപ്പറഞ്ഞ് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. കാസയുടെ പ്രവര്‍ത്തനം ക്രൈസ്തവര്‍ക്ക് ഗുണകരമല്ലെന്നും ക്രൈസ്തവരുടെ പിന്തുണ മേടിച്ച് നേതാവാകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസയുടെ ഒരു നേതാവിന്റെ മകളെ ഒരു മുസ്ലിം കൊണ്ടുപോയി. ഇപ്പോള്‍ അയാളെ പുറംതള്ളിയിട്ട് വേറെ കാസയായി. ഇതെല്ലാം കച്ചവടമാണെന്നും അദ്ദേഹം ആരോപിച്ചു.

ഞാന്‍ ക്രിസ്ത്യാനിയാണ് അതില്‍ അഭിമാനം കൊള്ളുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞവനാണ് ഞാന്‍. എനിക്കതിന് പേടിയില്ല. എന്നുകരുതി ഞാന്‍ ക്രിസ്ത്യന്‍ വര്‍ഗീയവാദിയല്ല. എല്ലാ മതങ്ങളോടും സ്‌നേഹവും ബഹുമാനവും എനിക്കുണ്ട്. ഒരിക്കല്‍ കാസ സംഘടിപ്പിച്ച പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. അന്ന് പാലായില്‍ നിന്നു വന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആളുകള്‍, ഞങ്ങള്‍ കൊല്ലാന്‍ തയ്യാറാണ്. ചാകാന്‍ തയ്യാറാണ് എന്നൊക്കെ മുദ്രാവാക്യം വിളിച്ചു. അന്ന് ഞാന്‍ പറഞ്ഞു, കൊല്ലുകയും ചെയ്യണ്ട ചാകുകയും ചെയ്യണ്ട. കൊല്ലാതെയും ചാകാതെയും എങ്ങനെ സൗമ്യമായി പ്രവര്‍ത്തിക്കാമെന്നു നോക്കണമെന്ന് ഞാന്‍ പറഞ്ഞു. അതില്‍ രസം എന്താണെന്നു ചോദിച്ചാല്‍, പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെ ആക്രമിക്കാന്‍ ഈരാറ്റുപേട്ടയില്‍ നിന്നും രണ്ടായിരത്തോളം ആളുകള്‍ അവിടെയെത്തി. ഞാന്‍ കോട്ടയത്ത് ബിഷപ്പ് ഹൗസിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴേക്കും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ അവിടെ വന്നിറങ്ങി. ഈരാറ്റുപേട്ടയില്‍ നിന്നും വന്നവന്മാര്‍ സ്ഥലം കാലിയാക്കി. വീരവാദം മുഴക്കിയ ഒന്നിനേയും ഞാന്‍ കണ്ടില്ല. അവര്‍ക്ക് വാചകമടിക്കാനേ അറിയൂ. പ്രവര്‍ത്തിക്കാന്‍ അറിയില്ല. അതുകൊണ്ട് കാസ, പി.എഫ്.ഐ പോലൊരു സംഘടനയാകുമെന്ന കാഴ്ചപ്പാട് എനിക്കില്ല.’

ഈയിടെ എനിക്ക് ചിരി വന്നു. എം.പിയായിരുന്ന ഒരാളും എം.എല്‍.എമാരായിരുന്ന മൂന്നു പേരും ചേര്‍ന്ന് എറണാകുളത്ത് ഒരു സംഘടനയ്ക്ക് രൂപം നല്‍കി. ക്രിസ്ത്യാനികളെ രക്ഷിക്കാനാണെന്നാണ് അവര്‍ പറയുന്നത്. ഇവന്മാര്‍ പാര്‍ലമെന്റിലോ നിയമസഭയിലോ ഞങ്ങള്‍ ക്രിസ്ത്യാനികളാണ് ഞങ്ങളെ രക്ഷിക്കണം എന്നു പറഞ്ഞിരുന്നെങ്കില്‍ എനിക്ക് വിരോധം ഇല്ലായിരുന്നു. പി.എം മാത്യു, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, ഇവന്മാര്‍ നിയമസഭയില്‍ ക്രിസ്ത്യാനികള്‍ക്കു വേണ്ടി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ? ഇപ്പോ ഈച്ചയെ ആട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ ക്രിസ്ത്യാനികളാണെന്ന തോന്നല്‍ ഉണ്ടായിരിക്കുന്നു- ജോര്‍ജ് പറയുന്നു.

pc-george-about-casa