ലിമ: ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് എന്ന പേര് സ്വന്തമാക്കിയ ഖത്തര്‍ ആരാധകരുടെ മനസ്സില്‍ ഇപ്പോഴും നിലകൊള്ളുകയാണ്. സൗത്ത് അമേരിക്കന്‍ രാജ്യമായ പെറുവില്‍ ദമ്പതികള്‍ കുഞ്ഞിന് ഖത്തര്‍ എന്ന് പേര് നല്‍കിയിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ദമ്പതികള്‍ കുഞ്ഞിന് ‘ഖത്തര്‍’ എന്ന് പേരിട്ടിരിക്കുന്നത്. പെറു മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ‘ഖത്തര്‍’ എന്ന കുഞ്ഞ് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് റിപ്പോര്‍ട്ടിലില്ല.
|
ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന പെറുവില്‍ കഴിഞ്ഞ വര്‍ഷം നിരവധി കുഞ്ഞുങ്ങള്‍ക്ക് ഫുട്ബോള്‍ താരങ്ങളുടെ പേരുകള്‍ നല്‍കിയിരുന്നു. 1,098 കുട്ടികള്‍ക്കാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ലഭിച്ചത്. 267 കുട്ടികള്‍ക്ക് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പേരാണ് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം 30,485 റൊണാള്‍ഡോമാര്‍ കഴിഞ്ഞ വര്‍ഷം പെറുവില്‍ ജനിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ എത്ര പേര് ക്രിസ്റ്റ്യനോ റൊണാള്‍ഡോയാണെന്ന് വ്യക്തമല്ല.
47 കുട്ടികളുടെ പേര് കിലിയന്‍ എംബാപ്പെയെന്നാണ്. 182 പേര്‍ക്ക് എംബപ്പേ എന്ന് മാത്രം പേര് ലഭിച്ചു. 738 കുട്ടികള്‍ക്കു പെലെയുടെ പേര് നല്കി. അര്‍ജന്റീന, ഗ്രീസ്മാന്, ഏയ്ഞ്ചല്‍ ഡി മരിയ, ലൂക്കാ മൊഡ്രിച്ച്, മൊന്റീയല് എന്നീ പേരുകളും രക്ഷിതാക്കള്‍ നല്‍കിയിട്ടുണ്ട്.



