|
കൊച്ചി: സംസ്ഥാനത്തെ മൂന്നു സർക്കാർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേ(കെ.എ.ടി)താണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂർ, എറണാകുളം ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തി.
തിരുവനന്തപുരം ലോ കോളജിലെ പ്രിൻസിപ്പൽ ബിജുകുമാർ, തൃശൂർ ലോ കോളജിലെ പി ആർ ജയദേവൻ, എറണാകുളം ലോ കോളജിലെ പ്രിൻസിപ്പൽ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങൾ അനുസരിച്ച് സെലക്ഷൻ പാനൽ രൂപീകരിച്ച് പുതിയ നിയമനങ്ങൾ നടത്താൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകി.
പ്രിൻസിപ്പൽ നിയമനങ്ങൾ ചോദ്യം ചെയ്ത് എറണാകുളം ലോ കോളജ് അധ്യാപകനായ ഗിരിശങ്കർ നൽകിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അർഹരായ, യോഗ്യതയുള്ള മുഴുവൻ അപേക്ഷകരെയും പരിഗണിച്ചു കൊണ്ട്, അവരുടെ യോഗ്യാതാമാനദണ്ഡങ്ങൾ കൃത്യമായി വിശകലനം ചെയ്ത് സെലക്ഷൻ കമ്മിറ്റി പുതിയ നിയമനം നടത്താനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. മതിയായ യോഗ്യതയുള്ളവരെ പരിഗണിക്കാതെയായിരുന്നു നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിച്ചായിരുന്നു ഹർജി.
kerala administrative tribunal revoked 3 Government Law College Principals Appointment



