ആറുപതിറ്റാണ്ടിനിടെ ചൈനീസ് ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച പുറത്തുവിട്ട റിപോർട്ടിലാണ് ചൈനീസ് ജനസംഖ്യ 2022ൽ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നത്. 1.4 ബില്യൻ ജനസംഖ്യയുള്ള ചൈനയിൽ തൊഴിൽശക്തി വാർധക്യത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയും ജനനനിരക്ക് വളരെയധികം കുറയുകയും ചെയ്യുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
|
2022 അവസാനത്തോടെ നൂറ്റിനാൽപത്തിയൊന്നുകോടി പതിനേഴുലക്ഷത്തി അമ്പതിനായിരമാണ് ചൈനയിലെ ജനസംഖ്യ. മുൻ വർഷത്തെ അപേക്ഷിച്ച് എട്ടുലക്ഷത്തിഅമ്പതിനായിരത്തിന്റെ കുറവാണ് ചൈനീസ് ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്. 95.6 ലക്ഷം കുട്ടികളാണ് 2022ൽ ജനിച്ചത്. മുൻ വർഷം ഇത് ഒരു കോടി നാല് ലക്ഷമായിരുന്നു.
1980കളിൽ ഏർപ്പെടുത്തിയ ഏകശിശു നയം 2016ൽ ചൈന പിൻവലിച്ചിരുന്നു. മൂന്നുകുട്ടികൾ വരെ ആകാമെന്ന് 2021ൽ അനുവാദം നൽകുകയും ചെയ്തു. എന്നാൽ ഇതുകൊണ്ട് ജനസംഖ്യാ വർധനവ് കൊണ്ടുവരാൻ ചൈനയ്ക്കായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏകശിശുനയം പതിറ്റാണ്ടുകൾ തുടർന്നതോടെ ആളുകൾ ഇതുമായി പൊരുത്തപ്പെട്ടതാണ് ഇത്തരമൊരു അപകടത്തിനു കാരണമായത്. ഈ രീതിയിൽ കാര്യങ്ങൾ പോവുകയാണെങ്കിൽ ചൈനീസ് തൊഴിൽശക്തി ക്ഷയിക്കുകയും ഇതിനായി ഇതരരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിനായി ദമ്പതികളെ പ്രോൽസാഹിപ്പിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങൾ അനവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്.



