22
Feb 2023
Wed
22 Feb 2023 Wed

ബെംഗളൂര്‍: വനിതാ ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സയെ ടീം മെന്ററായി നിയമിച്ചു. ആര്‍സിബിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. സാനിയയുടെ അഭിമുഖവും ആര്‍സിബി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ ഐപിഎല്ലിന്റെ താര ലേലം രണ്ട് ദിവസം മുമ്പ് നടന്നിരുന്നു. സ്മൃതി മന്ഥാനയടക്കം സൂപ്പര്‍ താരനിരയുമായാണ് ആര്‍സിബി ഇറങ്ങുക. ഈ മാസം നടക്കുന്ന ദുബായ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പോടെ സാനിയ ടെന്നിസില്‍ നിന്ന് പൂര്‍ണ്ണമായും വിരമിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം നടന്ന ലേലത്തിലെ ഏറ്റവും വിലകൂടിയ താരം മന്ഥാനയാണ്. ഓസ്ട്രേലിയുടെ ആഷ്ലി ഗാര്‍ഡനറെ 3.2 കോടിക്ക് ഗുജറാത്ത് ഗെയ്ന്റസ് വാങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് ആണ്. 1.8 കോടിക്കാണ് കൗര്‍ മുംബൈയില്‍ എത്തിയത്. ഇന്ത്യന്‍ പേസര്‍ ദീപ്തി ശര്‍മ്മയെ യുപി വാരിയേഴ്സ് 2.6കോടിക്ക് ടീമിലെത്തിച്ചു. രേണുക സിങിനെ 1.50 കോടി മുടക്കിയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഷബനിം ഇസ്മായിലിനെ ഒരു കോടിക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി.ഇന്ത്യയുടെ ജെമീമാ റൊഡ്രിഗസിനെ മുംബൈ നോട്ടമിട്ടെങ്കിലും 2.2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപിലെത്തിച്ചു. ഡല്‍ഹി ടീമിലെത്തിച്ച മറ്റൊരു താരം ഷഫാലി വര്‍മ്മയാണ്. 20കാരിയായ താരത്തെ രണ്ട് കോടിക്കാണ് ക്യാപിറ്റല്‍സ് വാങ്ങിയത്. പൂജാ വസ്ത്രകാറിനെ 1.90 കോടിക്കും വിക്കറ്റ് കീപ്പര്‍ യാസ്തികാ ഭാട്ടിയയെ 1.5 കോടിക്കും മുംബൈ സ്വന്തമാക്കി. ഇന്ത്യാ അണ്ടര്‍ 20 താരവും സീനിയര്‍ ടീം അംഗവുമായ റിച്ചാ ഘോഷനെ റോയല്‍ ചാലഞ്ചേഴ്സ് 1.9 കോടിക്ക് ടീമിലെത്തിച്ചു. രേണുകാ സിങ് ഠാക്കൂര്‍, എല്ലിസ് പെറി, സോഫി ഡിവൈന്‍ എന്നിവരും ആര്‍സിബി സ്‌ക്വാഡിലുണ്ട്.