|
കൊച്ചി: ഐഎസ്എലില്ലിൽ പ്ലേ ഓഫ് ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹൻ ബഗാനോട്. ഇന്ന് ജയിച്ചാൽ ആദ്യ നാലിൽ ബ്ലാസ്റ്റേഴ്സിന് ഇടം ഉറപ്പാക്കാം. കഴിഞ്ഞദിവസം എഫ്സി ഗോവയെ ചെന്നൈയിൻ 2-1ന് തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചത്.
നിലവിൽ 31 പോയിന്റുമായി മൂന്നാമതാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം. രണ്ട് കളി ബാക്കിയുണ്ട്. നാലാമതുള്ള ബംഗളൂരു എഫ്സിക്കും ഇത്രതന്നെ പോയിന്റുണ്ട്. ഒരു കളിയാണ് ശേഷിക്കുന്നത്. ആറാമതുള്ള എടികെ ബഗാന് 28 പോയിന്റാണ്. ടീം പ്ലേ ഓഫ് ഉറപ്പാക്കിയിട്ടില്ല. ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചാൽ കടക്കാം. മികച്ച ഗോൾ വ്യത്യാസമുള്ളതിനാൽ ബംഗളൂരു, ബ്ലാസ്റ്റേഴ്സ് ടീമുകളെ മറികടന്ന് മൂന്നാമതെത്തുകയും ചെയ്യാം. മൂന്ന്, നാലു സ്ഥാനങ്ങളിലെത്തുന്നവർക്ക് സ്വന്തം സ്റ്റേഡിയത്തിൽ നോക്കൗട്ട് മത്സരം കളിക്കാമെന്നതാണ് ബ്ലാസ്റ്റേഴ്സിനെ മോഹിപ്പിക്കുന്നത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാവുക. കഴിഞ്ഞ ദിവസം പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെയാണ് മാറ്റങ്ങളെക്കുറിച്ച് സൂചന നൽകിയത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത് ഒഴിച്ചാൽ 2022 2023 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഗോൾ വല കാത്തത് പ്രഭ്സുഖൻ സിംഗ് ഗിൽ ആണ്. ബഗാന് എതിരേയും ഗിൽ വല കാക്കും.
പരിക്കേറ്റ് പുറത്തായിരുന്ന മാർക്കൊ ലെസ്കോവിച്ച് തിരിച്ച് എത്താനുള്ള സാധ്യത ഉണ്ട്. ക്രൊയേഷ്യൻ സെന്റർ ഡിഫെൻഡറായ മാർക്കൊ ലെസ്കോവിച്ച് തിരികെ എത്തിയാൽ സ്ഥാനം നഷ്ടപ്പെടുക സ്പാനിഷ് താരം വിക്ടർ മോംഗിലിന് ആയിരിക്കും. സന്ദീപ് സിംഗ് പരിക്കേറ്റ് പുറത്തായതിന്റെ ക്ഷീണം കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്ക് ഉണ്ടെന്ന് വ്യക്തം.
മധ്യനിരയിൽ ചെറിയ പൊളിച്ചെഴുത്ത് നടത്താനാണ് സാധ്യത. കാരണം, അറ്റാക്കിംഗ് മിഡ്ഫീൽഡറും പ്ലേ മേക്കറുമായ അഡ്രിയാൻ ലൂണ നാലാം മഞ്ഞക്കാർഡ് കണ്ട് ഒരു മത്സര വിലക്ക് നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ അഡ്രിയാൻ ലൂണയ്ക്ക് പകരം ഒരു താരത്തിനെ മധ്യനിരയിൽ ഇവാൻ വുകോമനോവിച്ച് ചേർക്കാനാണ് സാധ്യത.
മധ്യനിരയിൽ ഇപ്പോൾ കളിക്കുന്ന കെപി രാഹുലിനെ ആക്രമണത്തിന്റെ പൂർണ ചുമതല നൽകി മുന്നോട്ട് കയറ്റി കളിക്കാനുള്ള ശൈലി ഒരുക്കാനും സാധ്യത ഉണ്ട്. അങ്ങനെ എങ്കിൽ മധ്യനിരയിലേക്ക് ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരിൽ ആരെങ്കിലും ഒരാൾ എത്തും.
ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസിനെ കേന്ദ്രീകരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾ.ഈ സീസണിൽ ടീമിനായി കൂടുതൽ ഗോൾ നേടിയത് ദിമിത്രിയോസ് ഡയമാന്റകോസ് ആണ്. 18 മത്സരങ്ങളിൽ ഒമ്പത് ഗോൾ ദിമിത്രിയോസ് ഡയമാന്റകോസ് സ്വന്തമാക്കിയിട്ടുണ്ട്.
അപ്പൊസ്തൊലസ് ജിയാനു ആയിരിക്കും ഒരുപക്ഷേ ദിമിത്രിയോസ് ഡയമാന്റകോസിന് ഒപ്പം ആക്രമണത്തിന് നിയോഗിക്കപ്പെടുക. രാഹുലിനെ ഈ പൊസിഷനിൽ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളി കളയാൻ സാധിക്കില്ല. സഹൽ അബ്ദുൽ സമദ് റൈറ്റ് വിങ്ങിലേക്ക് തിരികെയെത്താനും സാധ്യതയേറെ.



