തൃശൂര്‍: മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം ജിഷിന് മോഹനും സീരിയല്‍ നടി അമേയ നായരും വിവാഹിതരായി. ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലയിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജിഷിന് അമേയയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. ജിഷിന്റെ രണ്ടാം വിവാഹമാണിത്.
|
പ്രിയതാരങ്ങള്ക്ക് ആശംസകളുമായി ആരാധകരുടെയും സുഹൃത്തുക്കളുടെയും ബഹളമാണ്. നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം താന്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് ജിഷിന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ആ വിഷമഘട്ടത്തില്‍ നിന്നും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അമേയയുടെ വരവാണ്.
കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ജിഷിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രണയക്കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് തൊട്ടുമുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്, എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഒപ്പമുണ്ടാകണം. അമ്പലത്തിലെ നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. ഞങ്ങള്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്.’ ജിഷിനും അമേയയും പറഞ്ഞു.
ALSO WATCH
കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു എന്നും താരങ്ങള്‍ വെളിപ്പെടുത്തി. ‘രണ്ട് വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം വലിയ വിജയമായിരുന്നു. കേരളത്തില്‍ ദമ്പതികളായി ജീവിക്കണമെങ്കില്‍ നിയമപരമായി വിവാഹിതരാകേണ്ടതുണ്ട്. ഞങ്ങള്‍ക്ക് വ്യക്തിപരമായി അതിന്റെ ആവശ്യമില്ലാതിരുന്നതു കൊണ്ടാണ് രണ്ട് വര്‍ഷം ലിവിങ് റിലേഷനില്‍ തുടര്‍ന്നത്. എന്നാല്‍ വിവാഹത്തിലൂടെ ബന്ധം ഒഫീഷ്യലാക്കിയാല് ജീവിതം കുറച്ചുകൂടി കംഫര്‍ട്ടാകും. അതുകൊണ്ട് ഒരു ഫോര്മാലിറ്റിക്ക് വേണ്ടിയാണ് ഇപ്പോള്‍ വിവാഹിതരാകുന്നത്’ – താരദമ്പതികള്‍ വ്യക്തമാക്കി.



