23
Feb 2023
Tue
23 Feb 2023 Tue

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും സ്വന്തം ജില്ലയായ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാലാട്, റിജിൻരാജ്, അക്ഷിൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.

വീട്ടിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെയും കണ്ണൂരിലും കാസർകോടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

ഇന്നലെ രാത്രി കാസർകോട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്തതിനു ശേഷം പിണറായിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും മൂന്നിടങ്ങളിലായി കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.പരിയാരത്തും കുപ്പത്തും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലും തളിപ്പറമ്പ് ലൂർദ് ആശുപത്രിക്ക് സമീപം മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുമാണ് കരിങ്കൊടി കാട്ടിയത്.

നികുതി ഭീകരതകൊണ്ട് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ തടയാൻ പ്രതിഷേധിക്കുന്ന ആളുകളുടെ നേരെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തിയാൽ നോക്കിയാലും ഓടുന്ന വാഹനത്തിൽനിന്ന് ലാത്തി കൊണ്ടടിച്ച് ആക്രമിക്കാൻ ശ്രമിച്ചാലും കേരളത്തിലെ മുഴുവൻ പോലീസിനെ മുൻനിർത്തി പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ നോക്കിയാലും ജനാധിപത്യ അവകാശങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ഭീരുവിനെപ്പോലെ സഞ്ചരിക്കുന്ന പിണറായി വിജയനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ നിന്ന് ഒരിഞ്ചുപോലും യൂത്ത് കോൺഗ്രസ് പുറകോട്ട് പോകില്ലെന്നും വർധിത വീര്യത്തോടെ പിണറായി വിജയൻ ഉള്ള പോരാട്ടം തുടരുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പറഞ്ഞു.