17
Mar 2023
Sat
17 Mar 2023 Sat

ലണ്ടന്‍: ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ബ്രിട്ടനിലെ ഏന്‍ജിനീയറിങ് സ്ഥാപനമായ റോള്‍സ് റോയ്‌സിലെ ഗവേഷണ സംഘം പരിശോധിക്കുന്നു. 2029ഓടെ ചന്ദ്രനിലേക്ക് ആണവനിലയം തയ്യാറാക്കി അയയ്ക്കാനാണ് ശാസ്ത്രസംഘത്തിന്റെ ലക്ഷ്യം. പദ്ധതിക്ക് പിന്തുണ നല്‍കുമെന്ന് യുകെ ബഹിരികാശ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹിരാകാശയാത്രികര്‍ക്ക് ചന്ദ്രനില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതിനായാണ് അവിടെ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ റോള്‍സ് റോയ്‌സില്‍ നിന്നുള്ള ഗവേഷകര്‍ ശ്രമിക്കുന്നതെന്ന് ബഹിരാകാശ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. പദ്ധതിക്കായി യുകെ ബഹിരാകാശ ഏജന്‍സി 35.2 ലക്ഷം ഡോളറാണ്(29 ലക്ഷം പൗണ്ട്) ഇപ്പോള്‍ നല്‍കുക. ഇതുസംബന്ധിച്ച പഠനത്തിനായി 2022ല്‍ ഏജന്‍സി 249000 പൗണ്ട് അനുവദിച്ചിരുന്നു.

എല്ലാ ബഹിരാകാശ ദൗത്യങ്ങളും ഊര്‍ജത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ബഹിരാകാശത്തെ ആശയവിനിമയ സംവിധാനങ്ങളും ജീവന്‍ രക്ഷാ, ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും ഊര്‍ജം അനിവാര്യമാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ആണവോര്‍ജ നിലയം ചന്ദ്രനിലെ ഭാവി ദൗത്യങ്ങളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും അതിന്റെ ശാസ്ത്ര മൂല്യങ്ങള്‍ കൂട്ടുന്നതിനും സഹായകരമാവുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഷെഫീല്‍ഡ് യൂനിവേഴ്‌സിറ്റി , ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി എന്നിവയുമായും റോള്‍സ് റോയ്‌സ് ഇതുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.

രണ്ടാഴ്ച പകലും രണ്ടാഴ്ച ഇരുട്ടുമായതിനാല്‍ സൗരോര്‍ജ നിലയത്തിന് ചന്ദ്രനില്‍ സാധ്യതയില്ലെന്ന് ഇംഗ്ലണ്ടിലെ ലീസെസ്റ്ററിലെ നാഷനല്‍ സ്‌പേസ് സെന്ററിലെ ബഹിരാകാശ വിദഗ്ധനായ ധാരാ പട്ടേല്‍ ചൂണ്ടിക്കാട്ടി.