22
Apr 2023
Sun
22 Apr 2023 Sun

ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്ന സലീം ദുറാനി (88) അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ സഹോദരനൊപ്പം താമസിച്ചുവരികയായിരുന്നു. കുടുംബത്തോടടുത്ത വൃത്തങ്ങളാണ് മരണവിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരിയിലുണ്ടായ വീഴ്ചയിൽ അദ്ദേഹത്തിന്റെ തുടയെല്ലിന് പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടങ്കയ്യൻ സ്പിന്നറും ബാറ്ററുമായിരുന്ന ദുറാനി ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 1961- 62ലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് കളികളുള്ള പരമ്പരയിൽ 2-0 ത്തിന്റെ ചരിത്രപരമായ വിജയം ഇന്ത്യ നേടുന്നതിൽ ദുറാനിയുടെ പങ്ക് വലുതായിരുന്നു. കൊൽക്കത്തയിലും മദ്രാസിലും ഇന്ത്യ വിജയം നേടിയ രണ്ട് മാച്ചുകളിൽ ദുറാനി എട്ടും പത്തും വിക്കറ്റുകൾ നേടി. അർജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ദുറാനി. പർവീൺ ബാബിക്കൊപ്പം ചരിത്ര എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.50 ഇന്നിങ്ങ്സുകളിൽ നിന്നായി 1,202 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇപ്പോൾ അഫാഗാനിസ്ഥാന്റെ ഭാഗമായുള്ള കാബൂളിലാണ് സലീം ദുറാനിയുടെ ജനനം.

നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിക്കറ്റ് രംഗത്തെ പ്രമുഖരും അനുശോചിച്ചു.