16
Apr 2023
Sun
16 Apr 2023 Sun

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസുമായുള്ള ഇന്നത്തെ ഐപിഎൽ പോരിലെ അവസാന ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയിക്കാൻ വേണ്ടത് 29 റൺസ്. എത്തിപ്പിടിക്കൽ ഏറെക്കുറേ അസാധ്യമായ ടാർഗറ്റ്. എന്നാൽ ഗുജറാത്തിനെ ഞെട്ടിച്ച് കൊൽക്കത്തയുടെ റിങ്കു സിങ് ആ ഓവറിൽ നേടിയത് അഞ്ചുസിക്‌സർ. ഫലം, കൊൽക്കത്തക്ക് അവിശ്വാസനീയമായ വിജയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആവേശം അവസാന നിമിഷം വരെ ആവേശംനിലനിന്ന പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് അടിച്ചെടുത്തപ്പോൾ കൊൽക്കത്ത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തു.

ജയ, പരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ റിങ്കു സിങിന്റെ വെടിക്കെട്ടാണ് കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കിയത്. അവസാന ഓവറിൽ 29 റൺസായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. യഷ് ദയാൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. പിന്നീട് തുടരെ അഞ്ച് സിക്സുകൾ തൂക്കി റിങ്കു ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 21 പന്തിൽ ആറ് സിക്സും ഒരു ഫോറും സഹിതം റിങ്കു 48 റൺസ് വാരി താരം പുറത്താകാതെ നിന്നു. അവസാന പന്തിൽ നാല് റൺസായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ഈ പന്തും സിക്‌സർ പറത്തി.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ, ക്യാപ്റ്റൻ നിതീഷ് റാണ സഖ്യം അവർക്ക് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 100 റൺസ് ബോർഡിൽ ചേർത്തു.

വെങ്കടേഷായിരുന്നു ആക്രമണകാരി. താരം 40 പന്തിൽ അഞ്ച് സിക്സും എട്ട് ഫോറും സഹിതം 83 റൺസെടുത്തു. നിതീഷ് 29 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 45 റൺസും കണ്ടെത്തി. നിതീഷിനേയും വെങ്കടേഷിനേയും മടക്കി അൽസാരി ജോസഫ് ഗുജറാത്തിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.

പിന്നാലെ 16ാം ഓവറിൽ റാഷിദ് ഖാൻ കൂറ്റനടിക്കാരായ മൂന്ന് പേരെ തുടരെ പുറത്താക്കി ഹാട്രിക്ക് നേട്ടവും ഒപ്പം കൊൽക്കത്തയെ തോൽവിയുടെ വക്കിലും എത്തിച്ചു. ആദ്യ പന്തിൽ ആന്ദ്ര റസ്സലിനേയും രണ്ടാം പന്തിൽ സുനിൽ നരെയ്നേയും മൂന്നാം പന്തിൽ കഴിഞ്ഞ കളിയിലെ താരം ശാർദുൽ ഠാക്കൂറിനേയും മടക്കി ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കും വിജയ പ്രതീക്ഷയും റാഷിദ് ടീമിന് സമ്മാനിച്ചു. എന്നാൽ അവസാന ഓവറിലെ റിങ്കുവിന്റെ കടന്നാക്രമണം അവരുടെ പ്രതീക്ഷ തെറ്റിച്ചു.

ഓപ്പണർ റഹ്‌മാനുള്ള ഗുർബാസ് (15), നരായൺ ജഗദീശൻ (ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഉമേഷ് യാദവ് അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്. ടോസ് നേടി ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തിൽ മെല്ലെ പോയ അവർ 11 ഓവറിന് ശേഷമാണ് കൂടുതൽ ആക്രമണത്തിലേക്ക് കടന്നത്.

24 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 63 റൺസ് അടിച്ചെടുത്ത വിജയ് ശങ്കറിന്റെ ബാറ്റിങാണ് സ്‌കോർ 200 കടത്തിയത്. താരം പുറത്താകാതെ നിന്നു. ഡേവിഡ് മില്ലർ രണ്ട് റൺസെടുത്ത് ക്രീസിൽ തുടർന്നു.

സായ് സുദർശൻ 38 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 53 റൺസെടുത്തു. ഓപ്പണർ ശുഭ്മാൻ ഗിൽ 31 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 39 റൺസെടുത്തു. വൃദ്ധിമാൻ സാഹ (17), അഭിനവ് മനോഹർ (14) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സുയഷ് ശർമ ഒരു വിക്കറ്റെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക