2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് യുപിഐ (UPI) വഴി പണം നൽകുമ്പോൾ ഇനി മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും. ഒക്ടോബർ 15 മുതൽ പുതിയ MDR ചട്ടക്കൂട് പ്രാബല്യത്തിൽ വരും. എന്നാൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഉണ്ടാകില്ല.
|
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രകാരം, 2,000ന് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം MDR ആണ് ഈടാക്കുക. ഒരു ഇടപാടിന് പരമാവധി 300 രൂപ എന്ന പരിധിയും ഉണ്ടായിരിക്കും. ഈ തുക വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതിരിക്കാൻ ബാങ്കുകൾ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ പ്രത്യേക വ്യാപാരി വിഭാഗങ്ങൾക്ക് 2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അഞ്ച് രൂപ വീതം ഫ്ലാറ്റ് ചാർജ് ഈടാക്കും.
2,000 രൂപ വരെയുള്ള വ്യക്തി-വ്യക്തി (P2P), വ്യക്തി-വ്യാപാരി (P2M) ഇടപാടുകൾ MDR പരിധിയിൽ വരില്ലെന്ന് NPCI വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് യുപിഐ ഉപയോഗിക്കുന്നത് തുടർന്നും സൗജന്യമായിരിക്കുമെന്നും അറിയിച്ചു.
അതായത്, ഒരു കടയിൽ ₹2,001 യുപിഐ വഴി അടച്ചാൽ 0.4 ശതമാനം നിരക്കിൽ കുറഞ്ഞത് ₹8 ആണ് MDR. എന്നാൽ സുഹൃത്തിന് ₹2,001 യുപിഐ വഴി അയച്ചാൽ അത് P2P ഇടപാടായതിനാൽ ചാർജ് ഉണ്ടാകില്ല.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിജിറ്റൽ വാലറ്റ് തുടങ്ങിയ മറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെ അപേക്ഷിച്ച് പുതിയ നിരക്ക് കുറവാണെന്നും NPCI വ്യക്തമാക്കി.
₹2,000 വരെയുള്ള യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് മുകളിലുള്ള ഇടപാടുകളുടെ കാര്യത്തിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിനാണ് പുതിയ തീരുമാനം വ്യക്തത നൽകുന്നത്.
₹2,000ൽ താഴെയുള്ള ഇടപാടുകളും ചെറുകിട വ്യാപാരികളുമായുള്ള ഇടപാടുകളും ഉൾപ്പെടെ ഏകദേശം 95 ശതമാനം കുറഞ്ഞ മൂല്യമുള്ള യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് NPCI അറിയിച്ചു.
പുതിയ ‘യുക്തിസഹമായ ചാർജ്’ യുപിഐ സേവനങ്ങളുടെ വ്യാപനം, സൈബർ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, നവീകരണം എന്നിവയ്ക്കുള്ള നിക്ഷേപങ്ങൾക്ക് സഹായകരമാകുമെന്നും NPCI വ്യക്തമാക്കി.
MDR നികുതിയല്ലെന്നും സർക്കാർ നേരിട്ട് പിരിച്ചെടുക്കുന്ന തുകയല്ലെന്നും ധനമന്ത്രാലയം വിശദീകരിച്ചു. ബാങ്കുകൾ, പേയ്മെന്റ് ആപ്പുകൾ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലെ വിവിധ പങ്കാളികൾക്കിടയിലാണ് ഈ തുക വിതരണം ചെയ്യുക.
ചെറുകിട വ്യാപാരികളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും NPCI അറിയിച്ചു. നിലവിലുള്ള വ്യാപാര സ്ഥാപനങ്ങളിലും മൂന്നാം നിര നഗരങ്ങളിലും അതിന് താഴെയുള്ള വിപണികളിലും ഡിജിറ്റൽ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





