30
Jun 2023
Mon
30 Jun 2023 Mon

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ എ.ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എ.ഐ കാമറയും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 കാമറയും ചുവപ്പ് സിഗ്‌നൽ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇക്കാര്യത്തിൽ നിയമഭേദഗതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെയായിരിക്കും ഈ നടപടി. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. നാലു വയസ്സിന് താഴെയുള്ള കുട്ടിക്ക് നിർബന്ധമല്ല.

സംസ്ഥാനത്ത് സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണവും പ്രവർത്തിക്കുന്നുണ്ട്. റോഡ് നിർമാണം കാരണം മാറ്റിസ്ഥാപിക്കേണ്ടവ, കേടുപാടുകൾ സംഭവിച്ചവ എന്നിങ്ങനെ 34 ക്യാമറകൾ ഉടൻ പ്രവർത്തിച്ചുതുടങ്ങും. പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യ്ക്ക് അപ്പീൽ നൽകാം. ഈ സംവിധാനം രണ്ടു മാസത്തിനുള്ളിൽ ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു.

ട്രാഫിക് നിയമലംഘനത്തിന് ഒരു ദിവസം ഇരുപത്തി അയ്യായിരത്തോളം നോട്ടീസ് നൽകും. ഇതിനായി കെൽട്രോണിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും 235-ഓളം ജീവനക്കാരെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ മൊബൈൽ സന്ദേശമായി നോട്ടീസ് ലഭിക്കില്ല. എന്നാൽ, കേന്ദ്ര മോട്ടോർവാഹന വെബ്‌സൈറ്റിലൂടെ അറിയാനാകും.

മന്ത്രിമാർക്കുൾപ്പെടെ അടിയന്തര ഘട്ടത്തിൽ കേന്ദ്രം അനുവദിക്കുന്ന ഇളവുമാത്രമേയുണ്ടാകൂവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വി.ഐ.പി.യെന്നോ അല്ലാത്തയാളെന്നോ ക്യാമറയ്ക്ക് വേർതിരിവുണ്ടാകില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെട്ടവരുടെ വാഹനങ്ങൾക്കും അടിയന്തര സേവന വാഹനങ്ങൾക്കുമാണ് വേഗപരിധിയിൽ ഇളവ്. ദുരന്തനിവാരണ പ്രവർത്തകർ മേഖലയിലേക്ക് സഞ്ചരിക്കുമ്പോൾ വേഗത്തിൽ ഇളവുണ്ട്. ആംബുലൻസ്, അഗ്നിരക്ഷാ സേന, പോലീസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്കും ഇളവുണ്ട്.

പിഴ ഇങ്ങനെ

ഹെൽമെറ്റില്ലെങ്കിൽ 500

മൊബൈൽ ഉപയോഗിച്ചാൽ 2000

സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 500

ചുവന്ന സിഗ്നൽ മുറിച്ചു കടന്നാൽ 1000

ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്താൽ 1000

നോ പാർക്കിങ്ങിൽ പാർക്ക് ചെയ്താൽ 250

അതിവേഗം 1500