പ്രഭാസ് രാമനായി എത്തുന്ന ചിത്രം ‘ആദിപുരുഷ്’ നാളെ തിയറ്ററുകളിൽ എത്തുകയാണ്. ‘ആദിപുരുഷ്’ പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും സാക്ഷാല്‍ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അത് നിറയെ ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. എന്നാലതൊക്കെ അവഗണിച്ച്, പറഞ്ഞതുപോലെ തന്നെ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് തിയേറ്റര്‍ അധികൃതര്‍. ഇതിന്‍റെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
|
ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന അടിക്കുറിപ്പോടെയാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ എല്ലാ തിയേറ്ററുകളിലും ഹനുമാന്റെ ഫോട്ടോയോ വിഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ സിനിമ കാണാൻ എത്തുന്നവർക്ക് പൂക്കൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നാണ് വിവരം. ഹനുമാന്‍ ചിത്രം കാണാന്‍ തിയറ്ററുകളിൽ വരും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്.
നിരവധി തവണ റിലീസ് മാറ്റിവച്ചതിന് ശേഷമാണ് നാളെ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. ഓം റാവത്ത് ആണ് സംവിധാനം. കൃതി സനോൺ നായികയായി എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനാണ് വേഷമിടുന്നത്.


