17
Jul 2023
Wed
17 Jul 2023 Wed

കൊച്ചി: പ്രേക്ഷകര്‍ എന്നും ഓര്‍ക്കുകയും ഡയലോഗുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും ആവര്‍ത്തിക്കുകയും ചെയ്യുന്ന ചില സിനിമകളുണ്ട്. അത്തരത്തില്‍ മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയം ഹരം കൊളിക്കുകയും ചെയ്ത ചിത്രമാണ് സിഐഡി മൂസ. 2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം റിലീസായി 20 വര്‍ഷം പിന്നിടുമ്പോള്‍, ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അതിലെ നായകനായ ദിലീപ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടന്‍ എത്തും എന്നും നടന്‍ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020ല്‍ ആനിമേഷന്‍ ആയിട്ടാകും മൂസ വീണ്ടും എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ലോക ആനിമേഷന്‍ ദിനത്തോട് അനുബന്ധിച്ച് വീഡിയോയും പുറത്തിറക്കിയിരുന്നു.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. എന്നാല്‍, പ്രധാന താരങ്ങളായ കൊച്ചിന്‍ ഹനീഫ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, സുകുമാരി, രാജു തുടങ്ങിയവര്‍ ഇന്നില്ല. ജഗതിയാവട്ടെ സജീവ രംഗത്തും ഇല്ല.

”…കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ തുടങ്ങിയവരൊക്കെ നമ്മെ വിട്ടുപോയി. വലിയ നഷ്ടമാണ്… അവര്‍ക്കൊന്നും റിപ്ലെയ്‌മെന്റുകളില്ല. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ മൂസയും ഡോഗും ഉണ്ടെങ്കില്‍ അതിനൊരു തുടര്‍ച്ചയുണ്ടാകും. മൂസയായി ദിലീപ് തന്നെയായിരിക്കും, അതിലൊരു മാറ്റവും ഉണ്ടാകില്ല..’ ജോണി ആന്റണി പറഞ്ഞു.