22
Jul 2023
Sun
22 Jul 2023 Sun

മിർപൂർ: ദേശീയ ടീമിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റെടുത്ത് മലയാളി ക്രിക്കറ്റ് താരം മിന്നു മണി. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ മിന്നു മണി 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. മത്സരത്തിന്റെ നാലാം ഓവറിൽ ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയെയാണു മിന്നു പുറത്താക്കിയത്. മിന്നുവിന്റെ പന്തിൽ ജെമീമ റോഡ്രിഗസ് ക്യാച്ചെടുക്കുകയായിരുന്നു. പൂജ വസ്ത്രകാറും ഷെഫാലി വർമയും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിന്നുവിന്റെ ആദ്യ ഓവറായിരുന്നു ഇത്. ആദ്യ ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ഷൊർണ അക്തർ (28 പന്തിൽ 28), ശോഭന മൊസ്താരി (33 പന്തിൽ 23), ശാതി റാണി (26 പന്തിൽ 22) എന്നിവരാണ് ബംഗ്ലദേശിന്റെ പ്രധാന സ്‌കോറർമാർ.

ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യ താരമാണ് മിന്നു മണി. ചരിത്രമെഴുതിയാണ് വയനാടുകാരിയായ മിന്നു ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. ഇന്ത്യൻ വനിതാ ടീമിൽ ഇടം കണ്ടെത്തിയ ആദ്യ മലയാളി താരമെന്ന ഒരിക്കലും മായാത്ത റെക്കോർഡ് സ്ഥാപിച്ചാണ് ഓൾ റൗണ്ടറായ മിന്നു ടി20 ടീമിൽ ഇടംപിടിച്ചത്. വനിതാ ഐപിഎൽ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും മാസങ്ങൾക്ക് മുൻപ് ഡൽഹി ക്യാപിറ്റൽസിനായി കളത്തിലിറങ്ങി മിന്നു സ്ഥാപിച്ചിരുന്നു. ഇടം കൈ ബാറ്ററും വലം കൈ സ്പിന്നറുമാണ് മിന്നു. ടീമിലെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളും താരം തന്നെ.